'ഇന്ത്യ ദ്രാവിഡരുടേയും ആദിവാസികളുടേയുമാണ്, അല്ലാതെ മോദിയുടെയോ താക്കറെയുടെയോ അല്ല';ഒവൈസി
national news
'ഇന്ത്യ ദ്രാവിഡരുടേയും ആദിവാസികളുടേയുമാണ്, അല്ലാതെ മോദിയുടെയോ താക്കറെയുടെയോ അല്ല';ഒവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th May 2022, 6:15 pm

ന്യൂദല്‍ഹി: ഇന്ത്യ ദ്രാവിഡരുടേയും ആദിവാസികളുടേയുമാണ്, അല്ലാതെ മോദിയുടേയോ താക്കറേയുടേയോ തന്റെയോ സ്വന്തമല്ലെന്ന് ആള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. മഹാരാഷ്ട്രയിലെ ദിവണ്ടിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ശിവസേന എം.പി സഞ്ജയ് റാവത്തിന് വേണ്ടി മോദിയോട് അപേക്ഷിച്ചത് പോലെ എന്തുകൊണ്ട് ശരത് പവാര്‍ കള്ളപ്പണക്കേസില്‍ പിടിയിലായ എന്‍.സി.പി നേതാവ് നവാബ് മാലിക്കിന് വേണ്ടി മോദിയോട് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി, ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെയുള്ള പാര്‍ട്ടികളേയും ഒവൈസി ശക്തമായി വിമര്‍ശിച്ചു. ഇത്തരം പാര്‍ട്ടികള്‍ക്ക് അവരുടെ വോട്ട് നഷ്ടപ്പെടാതിരിക്കുക എന്നത് മാത്രമാണ് മുഖ്യ ലക്ഷ്യമെന്നും, അതിനാല്‍ തന്നെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവരെ ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഏത് ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലാക്കാതെയാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തങ്ങളുടെ എട്ട് വര്‍ഷം നീണ്ട ഭരണത്തെ വിജയകരമെന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കില്‍ അത് ദ്രാവിഡരുടേയും ആദിവാസികളുടേയുമാണ്,’ ഒവൈസി വ്യക്തമാക്കി.

മറ്റ് പാര്‍ട്ടികള്‍ക്ക് 600 വര്‍ഷത്തെ ഉദാഹരണങ്ങള്‍ കാണിക്കാനുണ്ടാകുമെങ്കില്‍ 65,000 വര്‍ഷമാണ് താന്‍ മുന്നോട്ടുവെക്കുന്നത്. രാജ്യം താക്കറെയുടെയോ, പവാറിന്റെയോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയോ അല്ല, മറിച്ച് ദ്രാവിഡരുടേയും, ആദിവാസികളുടേയുമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരെങ്കിലും താക്കറെയെയോ പവാറിനെയോ മോദിയെയോ കുറ്റം പറഞ്ഞാല്‍ ഉടനടി അധികാരികള്‍ അവര്‍ക്കെതിരെ നടപടിയെടുക്കും. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്ത് ആക്രമണം ഉണ്ടായാലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറെക്കാലമായി ഹലാല്‍ മാംസത്തിന്റേയും, ഹിജാബിന്റേയും, പള്ളികളുടേയും പേരില്‍ മുസ്‌ലിം മതസ്ഥര്‍ ആക്രമിക്കപ്പെടുകയാണെന്നും ഒവൈസി പറഞ്ഞു.

‘ബാബരി മസ്ജിദ് തകര്‍ത്തപോലെ ഗ്യാന്‍വാപി പള്ളിയും ഇല്ലാതാക്കാനാണ് ഇവരുടെ ലക്ഷ്യം. ഹിന്ദുത്വവാദികള്‍ ഇനിയും ഒരുപാട് പള്ളികള്‍ കുഴിക്കും, പരിശോധനയും നടത്തും. പക്ഷെ അവര്‍ക്ക് ഒന്നും കണ്ടെത്താനാകില്ല,’ ഒവൈസി പറഞ്ഞു.

Content Highlight: India belongs to Dravidas and Adivasis and not for Modi or Thackerey says Asaduddin Owaisi