ന്യൂയോര്‍ക്ക്: പാക് ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടി നടക്കാതെ പോയതിലൂടെ ഇന്ത്യ ഹിന്ദുക്കളുടെ സൗദി അറേബ്യയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍. ഗുലാം അലി ഒരു ജിഹാദിയല്ല. അദ്ദേഹമൊരു ഗായകനാണ്. ഗായകരും ജിഹാദികളും വ്യത്യസ്തരാണെന്ന് മനസിലാക്കണമെന്നും നസ്‌റിന്‍ പറഞ്ഞു.
ശിവസേനയുടെ ഭീഷണിയെ തുടര്‍ന്നാണ് ഗുലാം അലിയെ പങ്കെടുപ്പിച്ച് കൊണ്ട് മുംബൈയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സംഗീത പരിപാടി റദ്ദ് ചെയ്തിരുന്നത്. ജഗ്ജിത് സിങ്ങിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷികത്തിനു സംഘടിപ്പിച്ച പരിപാടിയാണ് റദ്ദ് ചെയ്യേണ്ടി വന്നത്.
പരിപാടിയുമായി മുന്നോട്ടുപോയാല്‍ ശിവസേനയുടെയും ദേശസ്‌നേഹികളുടെയും ദേഷ്യം അഭിമുഖീകരിക്കാന്‍ തയ്യാറാകണമെന്നായിരുന്നു ശിവസേനയുടെ സിനിമാ സംഘടനയായ “ചിത്രപത് സേന” ഭീഷണി മുഴക്കിയിരുന്നത്. അതേ സമയം പരിപാടി മുടങ്ങിയതില്‍ ദേഷ്യമില്ലെന്നും എന്നാല്‍ സങ്കടമുണ്ടെന്നും ഗുലാം അലി പ്രതികരിച്ചിരുന്നു. ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ഗുലാം അലി നേരത്തെ നിരവധി തവണ ഇന്ത്യയിലെത്തി പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.