| Saturday, 14th October 2023, 9:05 pm

8-0 🔥; പാകിസ്ഥാനെയും ന്യൂസിലാന്‍ഡിനെയും ഒന്നിച്ച് തോല്‍പിച്ച് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പുകളില്‍ പാകിസ്ഥാനോട് തോറ്റിട്ടില്ല എന്ന ചരിത്രം വീണ്ടുമാവര്‍ത്തിച്ച് ഇന്ത്യ. 1992 ലോകകപ്പ് മുതല്‍ 2023 വരെ ഒന്നൊഴികെയുള്ള എല്ലാ ലോകകപ്പിലും പാകിസ്ഥാന്‍ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു. 2007 ലോകകപ്പില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടാതിരുന്നത്.

ശനിയാഴ്ച ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റും 117 പന്തും കയ്യിലിരിക്കവെയാണ് ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ പാകിസ്ഥാനെ 191 റണ്‍സിന് എറിഞ്ഞിടുകയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ അനായാസം ജയിച്ചുകയറുകയുമായിരുന്നു.

ഈ വിജയത്തിന് പിന്നാലെ ന്യൂസിലാന്‍ഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്കായി. മൂന്ന് മത്സരത്തില്‍ മൂന്നിലും വിജയിച്ച് ആറ് പോയിന്റുമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്തേക്ക് കയറിയത്.

മൂന്ന് മത്സരത്തില്‍ നിന്നും മൂന്ന് വിജയവുമായി ആറ് പോയിന്റ് തന്നെയാണ് ന്യൂസിലാന്‍ഡിനും ഉള്ളതെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയിരിക്കുന്നത്.

+1.821 എന്ന റണ്‍റേറ്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഉള്ളതെങ്കില്‍ +1.604 എന്ന റണ്‍ റേറ്റാണ് ന്യൂസിലാന്‍ഡിനുള്ളത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്തേക്ക് കയറിയിരുന്നത്.

ബാബര്‍ അസവും മുഹമ്മദ് റിസ്വാനും മാത്രമാണ് പാക് നിരയില്‍ ചെറുത്തുനിന്നത്. ബാബര്‍ 58 പന്തില്‍ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ അര്‍ഹിച്ച അര്‍ധ സെഞ്ച്വറിക്ക് ഒറ്റ റണ്‍സകലെ ജസ്പ്രീത് ബുംറയോട് പരാജയപ്പെട്ടാണ് റിസ്വാന്‍ മടങ്ങിയത്.

38 പന്തില്‍ 36 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖാണ് പാകിസ്ഥാന്‍ നിരയില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച മറ്റൊരു താരം.

സ്പിന്നര്‍മാര്‍ നാല് വിക്കറ്റും പേസര്‍മാര്‍ ആറ് വിക്കറ്റും വീഴ്ത്തിയാണ് ഇന്ത്യന്‍ നിരയില്‍ തരംഗമായത്. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡജേ, ഹര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളാണ് നേടിയത്.

192 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യക്ക് ശുഭ്മന്‍ ഗില്ലിനെയും വിരാട് കോഹ്‌ലിയെയും പെട്ടെന്ന് നഷ്ടമായെങ്കിലും രോഹിത്തും ശ്രേയസ് അയ്യരും തിരിച്ചടിച്ചു. രോഹിത് 63 പന്തില്‍ 86 റണ്‍സ് നേടിയപ്പോള്‍ 62 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് അയ്യര്‍ നേടിയത്.

Content highlight: India becomes table toppers in 2023 World Cup

We use cookies to give you the best possible experience. Learn more