ബി.സി.സി.ഐ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലുകളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. മുഹമ്മദ് അസറുദ്ദീന്‍ ഉള്‍പ്പെട്ട കോഴ വിവാദത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രത്തോളം സമ്മര്‍ദ്ദത്തിലാക്കിയ മറ്റൊരു വിവാദം ഇതുവരെ ഉണ്ടായിട്ടില്ല.
ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തലുകളില്‍ തലകുനിക്കേണ്ടി വന്ന ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനുള്ള അവസരമാണ് മെന്‍സ് ടീം ഇപ്പോള്‍ നേടിയിരിക്കുന്നത്.
ഐ.സി.സി റാങ്കിങ്ങില്‍ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തെത്തിയാണ് ഇന്ത്യ അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
നേരത്തെ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ഇപ്പോള്‍ റെഡ്‌ബോള്‍ ഫോര്‍മാറ്റിലും ഒന്നാം റാങ്ക് സ്വന്തമാക്കിയിരിക്കുകയാണ്.
115 റേറ്റിങ്ങുമായിട്ടാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 111 റേറ്റിങ്ങും മൂന്നാമതുള്ള ഇംഗ്ലണ്ടിന് 106 റേറ്റിങ്ങുമാണുള്ളത്.
ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് നിലവില്‍ 114 റേറ്റിങ്ങാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയേക്കാള്‍ രണ്ട് റേറ്റിങ്ങാണ് ഇന്ത്യ അധികം. 111 റേറ്റിങ്ങുമായി ന്യൂസിലാന്‍ഡാണ് മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്.
കുട്ടി ക്രിക്കറ്റിലേക്ക് വരുമ്പോള്‍ 267 റേറ്റിങ്ങുമായിട്ടാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ടി-20 ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് 266 റേറ്റിങ് പോയിന്റും മൂന്നാമതുള്ള പാകിസ്ഥാന് 258 റേറ്റിങ്ങുമാണുള്ളത്.
(ഐ.സി.സി മെന്‍സ് ടീം റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ പടുകൂറ്റന്‍ വിജയത്തിന് പിന്നാലെയാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
ഫെബ്രുവരി 17 മുതലാണ് ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ് അരങ്ങേറുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയമാണ് വേദി. പരമ്പര വിജയത്തിന് പുറമെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും ലക്ഷ്യം വെക്കുന്ന ഇന്ത്യക്ക് സീരീസിലെ മറ്റ് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.
Content highlight: India becomes number 1 in all formats of cricket