| Sunday, 20th November 2022, 9:12 pm

വമ്പന്‍ ജയം, ഒപ്പം അതിലേറെ വലിയ നാണക്കേടും; തല കുനിച്ച് ഹര്‍ദിക്കും അയ്യരും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 65 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനെ ഒന്നൊഴിയാതെ എറിഞ്ഞിട്ടുമായിരുന്നു വിജയം കൈപ്പിടിയിലൊതുക്കിയത്.

സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് നടന്നുകയറിയത്. 51 പന്തില്‍ നിന്നും 111 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.

സ്‌കൈയുടെ സെഞ്ച്വറിക്കൊപ്പം തന്നെ ഇന്ത്യന്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യരുടെ പുറത്താവലും സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാവുന്നുണ്ട്. ഹിറ്റ് വിക്കറ്റായാണ് താരം പുറത്തായത്.

ലോക്കി ഫെര്‍ഗൂസനെറിഞ്ഞ 13ാം ഓവറിലായിരുന്നു ശ്രേയസ് അയ്യര്‍ പുറത്തായത്. ഒമ്പത് പന്തില്‍ നിന്നും 13 റണ്‍സെടുത്ത് നില്‍ക്കവെ താരം ഡിഫന്‍സീവ് ഷോട്ട് കളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബാക്ക് ഫൂട്ടിലിറങ്ങി ഷോട്ട് കളിക്കാന്‍ ശ്രമിച്ച താരത്തിന്റെ കാല് വിക്കറ്റില്‍ കൊള്ളുകയായിരുന്നു.

ഇതോടെ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ കളികളില്‍ ബാറ്റര്‍മാര്‍ ഹിറ്റ് വിക്കറ്റായ ആദ്യ ടീം ആയി മാറിയിരിക്കുകയാണ് ഇന്ത്യ.

ടി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയും ഇത്തരത്തില്‍ ഹിറ്റ് വിക്കറ്റായാണ് പുറത്തായത്.

33 പന്തില്‍ നിന്നും 63 റണ്‍സെടുത്ത് നില്‍ക്കവെയായിരുന്നു താരത്തിന്റെ മടക്കം. ക്രിസ് ജോര്‍ദന്‍ എറിഞ്ഞ 20ാം ഓവറിലാണ് ഹര്‍ദിക് പുറത്തായത്.

അതേസമയം, രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സായിരുന്നു നേടിയത്.

192 റണ്‍സ് വിജയലക്ഷ്യമാക്കിയിറങ്ങിയ കിവീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലന്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ അര്‍ഷ്ദീപ് സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

കിവീസിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 52 പന്തില്‍ നിന്നും 61 റണ്‍സ് നേടിയിരുന്നു. എന്നാല്‍ താരത്തിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയതോടെ ന്യൂസിലാന്‍ഡ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 18.5 ഓവറില്‍ 126 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടായി.

രണ്ടാം മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്ക് സാധിച്ചു. നവംബര്‍ 22നാണ് ഇന്ത്യയുടെ അടുത്ത മത്സരം. മക്ലെറന്‍ പാര്‍ക്കാണ് വേദി.

Content Highlight:  India become the first team to have a player dismissed hit-wicket in back to back T20Is

We use cookies to give you the best possible experience. Learn more