| Monday, 8th May 2023, 7:31 pm

യു.കെയിലേക്ക് അനധികൃതമായി കുടിയേറുന്നവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: അപകടസാധ്യതയുള്ള ചെറു ബോട്ടുകളിലായി ഇംഗ്ലീഷ് ചാനല്‍ വഴി യു.കെയിലേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയെന്ന് യു.കെ ഹോം ഓഫീസ്. 675 ഇന്ത്യക്കാര്‍ ജനുവരിക്കും മാര്‍ച്ചിനുമിടയിലായി ചെറിയ ബോട്ടുകളില്‍ യു.കെയിലേക്ക് പ്രവേശിച്ചതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന അല്‍ബേനിയക്കാരുടെ എണ്ണത്തില്‍ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ 1,100 അല്‍ബേനിയക്കാരായിരുന്നു യു.കെയിലേക്ക് കുടിയേറിയത്. അത് ഇത്തവണ 29 ആയി കുറഞ്ഞു. ശൈത്യക്കാലത്ത് കുടിയേറുന്ന അല്‍ബേനിയക്കാരുടെ എണ്ണം കുറയുകയും വസന്തക്കാലത്ത് കൂടുകയും ചെയ്യുന്നതായുള്ള ഔദ്യേഗിക പ്രവചനം ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞകുറച്ച് മാസങ്ങളായി രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിസ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനും നിയമവിരുദ്ധമായി ജോലി ചെയ്യുന്നതിനുമായാണ് ഇത്തരത്തില്‍ ഇന്ത്യക്കാര്‍ എത്തുന്നതെന്നാണ് ഹോം ഓഫീസ് വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ആദ്യം ജനുവരിയില്‍ 150തോളം കുടിയേറ്റക്കാരാണ് യു.കെയില്‍ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളിലായി ചെറിയ ബോട്ടുകള്‍ വഴിയെത്തിയ 233 പേരേക്കാള്‍ കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം നിയമപരമായും ഇന്ത്യക്കാര്‍ യു.കെയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാല്‍ പല ഇന്ത്യക്കാരുടെയും വിസ കാലാവധി കഴിഞ്ഞിട്ടുള്ളതായും ഹോം ഓഫീസ് പറയുന്നു.

ഈ വര്‍ഷം ചെറു ബോട്ട് വഴിയെത്തിയ കുടിയേറ്റക്കാരില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത് അഫ്ഗാനിസ്ഥാനാണ്.

കഴിഞ്ഞ മാസങ്ങളിലായി യുകെയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുതലാണ്. യു.കെ യിലേക്ക് എത്താന്‍ സഹായിക്കുന്ന കള്ളക്കടത്തുകാര്‍ക്ക് ഇവര്‍ അമിതമായി ഫീസ് നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പല ആളുകളും പിടിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടിയേറ്റക്കാരില്‍ കൂടുതലും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ളതാണെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Contenthighlight: India become second largest migrant crossing uk illegally

We use cookies to give you the best possible experience. Learn more