| Wednesday, 17th July 2024, 9:39 am

112 വര്‍ഷത്തെ ചരിത്രത്തിലാദ്യം; ടെസ്റ്റിലും ടി-20യിലും ഒരേ റെക്കോഡ് സ്വന്തമാക്കി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനം അവസാനിച്ചരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 സീരീസ് 4-1ന് വിജയിച്ചാണ് ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്.

ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയ ശേഷം പരമ്പരയിലെ എല്ലാ മത്സരവും ഒന്നൊഴിയാതെ വിജയിച്ചാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.

ആദ്യ മത്സരത്തില്‍ 13 റണ്‍സിന് പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ 100 റണ്ണിനും മൂന്നാം മത്സരത്തില്‍ 23 റണ്‍സിനും വിജയിച്ചു. നാലാം ടി-20യില്‍ പത്ത് വിക്കറ്റിന്റെ ആധികാരിക ജയം നേടിയ ഇന്ത്യ അവസാന മത്സരത്തില്‍ 42 റണ്‍സിന്റെ കൂറ്റന്‍ വിജയവും സ്വന്തമാക്കി.

ഈ പരമ്പര വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ട ശേഷം 4-1ന് പരമ്പര വിജയം സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇതിന് മുമ്പ് നടന്ന ബൈലാറ്ററല്‍ സീരിസിലും സമാനമായ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ ഇത്തരത്തില്‍ വിജയിച്ചുകയറിയത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം അടുത്ത നാല് മത്സരവും വിജയിച്ചാണ് ഇന്ത്യ പട്ടൗഡി ട്രോഫി സ്വന്തമാക്കിയത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 28 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടാം ഇന്നിങ്‌സില്‍ ഒല്ലി പോപ്പ് തകര്‍ത്തടിച്ച് പടുത്തുയര്‍ത്തിയ 231 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 202ന് പുറത്തായി.

സ്‌കോര്‍

ഇംഗ്ലണ്ട് – 246&420
ഇന്ത്യ – 436&202 (T:231)

വിശാഖപട്ടണത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ ഇരട്ട സെഞ്ച്വറി കരുത്തില്‍ 106 റണ്‍സിന് വിജയിച്ച ഇന്ത്യ സൗരാഷ്ട്രയില്‍ നടന്ന മൂന്നാം മത്സരത്തില്‍ 434 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് നേടിയത്. ജെയ്‌സ്വാള്‍ ഒരിക്കല്‍ക്കൂടി ഇരട്ട സെഞ്ച്വറി നേടിയ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും സെഞ്ച്വറിയും നേടിയിരുന്നു.

നാലാം ടെസ്റ്റ് അഞ്ച് വിക്കറ്റിന് വിജയിച്ച ഇന്ത്യ അവസാന ടെസ്റ്റ് ഇന്നിങ്‌സിനും 64 റണ്‍സിനുമാണ് വിജയിച്ചത്.

ഈ വിജയത്തിന് പിന്നാലെ 112 വര്‍ഷത്തിന് ശേഷം, അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ട ശേഷം പരമ്പര 4-1ന് സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

1912ല്‍ ഇംഗ്ലണ്ടാണ് ഈ റെക്കോഡില്‍ ആദ്യമെത്തിയത്. 1911-12 സീസണിലെ ആഷസിലാണ് ഇംഗ്ലണ്ട് ഈ നേട്ടം സ്വന്തമാക്കിയത്.

സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 146 റണ്‍സിന് തോറ്റ ഇംഗ്ലണ്ട്, മെല്‍ബണില്‍ എട്ട് വിക്കറ്റിനും അഡ്‌ലെയ്ഡില്‍ ഏഴ് വിക്കറ്റിനും ജയിച്ചുകയറി.

മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 225 റണ്‍സിനുമായിരുന്നു സന്ദര്‍ഷകരുടെ വിജയം. സിഡ്‌നിയില്‍ നടന്ന അവസാന ടെസ്റ്റില്‍ 70 റണ്‍സിനും വിജയിച്ച ഇംഗ്ലണ്ട് 4-1ന് പരമ്പര സ്വന്തമാക്കി.

Content highlight: India became first ever team to win T20I series as well as Test series in 4-1 margin after losing first match

We use cookies to give you the best possible experience. Learn more