| Friday, 22nd December 2017, 10:38 pm

ആദ്യം അടിച്ച് പറത്തി പിന്നെ എറിഞ്ഞിട്ടു; ഇന്‍ഡോറില്‍ ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്‍ഡോര്‍: രോഹിത് ശര്‍മ്മയുടെ വെടിക്കെട്ടിനും കുല്‍ദീപിന്റേയും ചാഹലിന്റേയും സ്പിന്നിനും മുന്നില്‍ വട്ടം കറങ്ങി തലയും കുത്തി വീണ് ശ്രീലങ്ക. രണ്ടാം ട്വന്റി-20യില്‍ ഇന്ത്യന്‍ വിജയം 88 റണ്‍സിന്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുയര്‍ത്തിയ 261 റണ്‍സിന്റെ വിജയലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ലങ്കയ്ക്ക് സാധിച്ചില്ല.

ഉപുല്‍ തരംഗയും കുസല്‍ പെരേരയും ചേര്‍ന്ന് ഒരു ഘട്ടത്തില്‍ ലങ്കയെ കരകയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും ഇന്ത്യയുടെ സ്പിന്‍ ഇരട്ടകളായ ചാഹലും കുല്‍ദീപും ചേര്‍ന്ന് ആ മോഹങ്ങളെ തല്ലി കെടുത്തുകയായിരുന്നു. തരംഗ 47 റണ്‍സ് നേടിയപ്പോള്‍ പെരേര 77 റണ്‍സ് നേടി. എന്നാല്‍ ഒരോവറില്‍ മൂന്ന് ലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപിനും നാല് ലങ്കന്‍ താരങ്ങളെ പുറത്താക്കിയ ചാഹലും ചേര്‍ന്ന് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു.

നേരത്തെ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയുടെയും അര്‍ധ സെഞ്ച്വറി നേടിയ രാഹുലിന്റെയും മികവില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തിരുന്നു.

35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് മികച്ച ഫോമിലായിരുന്നു. തിസാര പെരേരയുടെ ഓവറില്‍ നാലു സിക്സ് നേടിയാണ് രോഹിത് അതിവേഗ സെഞ്ച്വറിയിലേക്ക് കുതിച്ചത്. ധോണി 28 റണ്‍സെടുത്ത് പുറത്തായി.

രാഹുല്‍ 89 റണ്‍സെടുത്തു. രോഹിതിന് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ധോണിയും രാഹുലും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടികെട്ട് ടീം സ്‌കോര്‍ 200 കടത്തി. ടി-20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്‍ഡോറില്‍ പിറന്നത്.

അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ഇന്ത്യയ്ക്ക വിക്കറ്റ് നഷ്ടമായത്. ലങ്കന്‍ ബൗളര്‍മാരില്‍ തിസാര പെരേര രണ്ടു വിക്കറ്റ നേടി.

We use cookies to give you the best possible experience. Learn more