കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പിലെ ഫൈനലില്‍ നേരിട്ട തോല്‍വിക്ക് പകരം വീട്ടിയാണ് ഇന്ത്യ ഇത്തവണത്തെ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്. കഴിഞ്ഞ ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് കിരീടം ചൂടിയ ബംഗ്ലാദേശിനെ 5 വിക്കറ്റിന് തകര്‍ത്തായിരുന്നു ഇന്ത്യയുടെ സെമി പ്രവേശനം.
ബൗളര്‍മാരായിരുന്നു ഇന്ത്യയുടെ വിജയത്തിന്റെ നട്ടെല്ല്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി കുമാറും രണ്ടു വിക്കറ്റ് നേടിയ വിക്കി ഒസ്ത്വാളും ചേര്‍ന്നാണ് ബംഗ്ലാദേശിനെ 111 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയത്.
കൗശല്‍ താംബെ, രാജ്‌വര്‍ധന്‍ ഹാംഗര്‍ഗേകര്‍, ആംഗ്രിഷ് രഘുവംശി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ബംഗ്ലാദേശിന്റെ ബാറ്റര്‍മാരെ എറിഞ്ഞിട്ടതില്‍ പ്രധാനി രവി കുമാര്‍ എന്ന ഇടംകയ്യന്‍ പേസറായിരുന്നു. ബംഗ്ലാ കടുവകളുടെ എണ്ണം പറഞ്ഞ മൂന്ന് വിക്കറ്റുകളാണ് രവികുമാര്‍ വിഴുതെറിഞ്ഞത്.
നേരത്തെ, ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 37.1 ഓവറില്‍ വെറും 111 റണ്‍സിന് കൂടാരം കയറ്റുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 30.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ടീം ലക്ഷ്യം കണ്ടു.
65 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളടക്കം 44 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 59 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്ത ഷയിക് റഷീദ് മികച്ച പിന്തുണ രംഘുവംഘിക്ക് നല്‍കി.
ക്യാപ്റ്റന്‍ യാഷ് ദുള്‍ 26 പന്തില്‍ നിന്ന് 20 റണ്‍സുമായി പുറത്താകാതെ നിന്നു. 18 പന്തില്‍ നിന്ന് 11 റണ്‍സുമായി കൗശല്‍ താംബെയായിരുന്നു വിജയമുഹൂര്‍ത്തത്തില്‍ ക്യാപ്റ്റനൊപ്പം ക്രീസില്‍ ഉണ്ടായിരുന്നത്.
ബംഗ്ലാദേശിനായി റിപ്പോണ്‍ മൊണ്ടല്‍ നാലു വിക്കറ്റ് വീഴ്ത്തി. 48 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത എസ്.എം. മെഹെറോബാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.
സെമിയില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
Content highlight: India Beats Bangladesh to qualify for U19 WC Semi Finals, Ravi Kumar’s wicket was tweeted by ICC