ഫുട്‌ബോള്‍ ലോകത്തെ കരുത്തന്മാരായ അര്‍ജന്റീനയെ തോല്‍പ്പിച്ച് ചരിത്രം കുറിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. സ്‌പെയിനില്‍ നടക്കുന്ന കോടിഫ് കപ്പില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം.
തുടക്കത്തില്‍ തന്നെ അര്‍ജന്റീനയുടെ ഗോള്‍വല കുലുക്കി തങ്ങള്‍ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങിയിരിക്കുന്നതെന്ന് വിളിച്ചു പറഞ്ഞ ഇന്ത്യ, മത്സരത്തില്‍ ഉടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാലാം മിനുട്ടില്‍ ദീപകാണ് ഹെഡറിലൂടെ അര്‍ജന്റീനന്‍ ഗോളിയെ മറികടന്ന് ഇന്ത്യക്ക് ലീഡ് ഉയര്‍ത്തിയത്.
ആ ലീഡില്‍ പിടിച്ചു നിന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കും വരെ 1-0 ല്‍ തന്നെ നിന്നു. രണ്ടാം പകുതിയില്‍ അനികേതിന് ചുവപ്പ് കാര്‍ഡ് കിട്ടിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ ഒന്ന് പരുങ്ങിയെങ്കിലും അന്‍വര്‍ അലിയിലൂടെ അര്‍ജന്റീനന്‍ വലകുലുക്കി ലീഡ് ഉയര്‍ത്തുകയായിരുന്നു. 68ാം മിനുട്ടിലാണ് അന്‍വര്‍ അലി ഒരു ലോംഗ് റേഞ്ചിലൂടെ 2-0 എന്ന നിലയില്‍ ടീമിനെ മുന്നില്‍ എത്തിച്ചത്.
വിജയത്തിന് അരികെ ഒരു ഗോള്‍ മടക്കി അര്‍ജന്റീന ഭീഷണി ഉയര്‍ത്തിയെങ്കിലും പ്രതിരോധ കോട്ട തീര്‍ത്ത് ഇന്ത്യ നിഷ്പ്രഭമാക്കി ചരിത്ര ജയം ഉറപ്പിക്കുകയായിരുന്നു.