അണ്ടര്‍ 19 ലോകകപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യന്‍ യുവനിര. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ യു.എസ്.എക്കെതിരെ 201 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജയത്തോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും ഇന്ത്യക്ക് സാധിച്ചു.
മംഗൗങ് ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എസ്.എ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ യു.എസ്.എയുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു ഇന്ത്യയുടെ ബാറ്റിങ്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണി തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 118 പന്തില്‍ 108 റണ്‍സ് നേടി കൊണ്ടായിരുന്നു കുല്‍ക്കര്‍ണിയുടെ മികച്ച ഇന്നിങ്‌സ്. എട്ട് ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരം ബാറ്റ് വീശിയത്. മുഷീര്‍ ഖാന്‍ 76 പന്തില്‍ 73 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
യു.എസ്.എ ബൗളിങ് നിരയില്‍ ആതീന്ത്ര സുബ്രഹ്‌മണ്യന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ യു.എസ്.എക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടാനാണ് സാധിച്ചത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ നമന്‍ തിവാരി നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ യു.എസ്.എ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.
യു.എസ്.എ ബാറ്റിങ് നിരയില്‍ ഉത്കര്‍ഷ് ശ്രീവാസ്തവ 40 റണ്‍സും അമോഗ് റെഡ്ഢി ആരേപള്ളി പുറത്താവാതെ 27 റണ്‍സും നേടി ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഇന്ത്യ ഉയര്‍ത്തിയ പടുകൂറ്റന്‍ ടോട്ടല്‍ മറികടക്കാന്‍ സാധിച്ചില്ല.
ജയത്തോടെ ലോകകപ്പിലെ അണ്ടര്‍ 16ലേക്ക് മുന്നേറാനും ഇന്ത്യയ്ക്ക് സാധിച്ചു. അതേസമയം മൂന്നു മത്സരങ്ങളും പരാജയപ്പെട്ട യു.എസ്.എ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ജനുവരി 30ന് ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം മംഗൗങ് ഓവല്‍ സ്റ്റേഡിയമാണ് വേദി.
Content Highlight: India beat USA in Under 19 world cup.