സൗത്ത് ആഫ്രിക്കയെ സ്വന്തം തട്ടകത്തില്‍ ചാമ്പലാക്കി; ഇന്ത്യക്ക് കൂറ്റന്‍ വിജയം
Cricket
സൗത്ത് ആഫ്രിക്കയെ സ്വന്തം തട്ടകത്തില്‍ ചാമ്പലാക്കി; ഇന്ത്യക്ക് കൂറ്റന്‍ വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th December 2023, 8:04 am

ഇന്ത്യ-സൗത്ത് ആഫ്രിക്ക മൂന്ന് ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയം. സൗത്ത് ആഫ്രിക്കയെ 105 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. ജയത്തോടെ സീരിസ് 1-1 സമനിലയില്‍ ആക്കാനും ഇന്ത്യക്ക് സാധിച്ചു.

സൗത്ത് ആഫ്രിക്കയുടെ ഹോം ഗ്രൗണ്ടായ വാണ്ടറേഴ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 എന്ന പടുകൂറ്റന്‍ വിജയലക്ഷ്യമാണ് സൗത്ത് ആഫ്രിക്കക്ക് മുന്നില്‍ ഉയര്‍ത്തിയത്.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 56 പന്തില്‍ 100 റണ്‍സ് നേടികൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്റെ വെടിക്കെട്ട് ഇന്നിങ്സ്. ഏഴ് ഫോറുകളും എട്ട് പടുകൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്.

സൂര്യക്ക് പുറമെ യുവ ഓപ്പണര്‍ യശ്വസി ജെയ്‌സ്വാള്‍ 41 പന്തില്‍ 60 റണ്‍സ് നേടിയും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ആറ് ഫോറുകളുടേയും മൂന്ന് സിക്സറുകളുടേയും അകമ്പടിയോടുകൂടിയായിരുന്നു ജെയ്സ്വാളിന്റെ തകര്‍പ്പന്‍ ബാറ്റിങ്.

സൗത്ത് ആഫ്രിക്കന്‍ ബൗളിങ് നിരയില്‍ കേശവ് മഹാരാജ് ലിസാഡ് വില്യംസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 13.5 ഓവറില്‍ 95 റണ്‍സിന് പുറത്താവുകയായിരുന്നു.

വെറും 17 റണ്‍സ് മാത്രം വിട്ട് നല്‍കി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ കുല്‍ദീപ് യാദവ് ആണ് സൗത്ത് ആഫ്രിക്കയെ തകര്‍ത്തത്. കുല്‍ദീപിന് പുറമെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ ഡേവിഡ് മില്ലര്‍ 25 പന്തില്‍ 35 റണ്‍സും നായകന്‍ ഏയ്ഡന്‍ മാക്രം 14 പന്തില്‍ 25 റണ്‍സും നേടി ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഫലമുണ്ടായില്ല.

നേരത്തെ ആദ്യ ടി-20 മത്സരം മഴ മൂലം ഉപേക്ഷിക്കുകയും രണ്ടാം മത്സരം സൗത്ത് ആഫ്രിക്ക വിജയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മത്സരം വിജയിക്കുകയായിരുന്നുവെങ്കില്‍ സൗത്ത് ആഫ്രിക്കക്ക് പരമ്പര സ്വന്തമാക്കാനുള്ള അവസരമായിരുന്നു മുന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതെല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു സൂര്യയുടെയും സംഘത്തിന്റേയും പോരാട്ടം.

സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയാണ് ഇനി നടക്കാന്‍ ഉള്ളത്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ഏകദിന പരമ്പരയില്‍ ആദ്യ മത്സരം ഡിസംബര്‍ 17ന് നടക്കും.

Content Highlight: India beat South Africa in third T20.