| Wednesday, 5th June 2019, 11:06 pm

ചാഹല്‍ തുടങ്ങി, രോഹിത് തീര്‍ത്തു; ലോകകപ്പില്‍ ഇന്ത്യക്കു വിജയത്തുടക്കം; ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം തോല്‍വി

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്താംപ്ടണ്‍: ആധികാരിക വിജയം നല്‍കുന്ന ആത്മവിശ്വാസത്തില്‍ ഇന്ത്യക്കിനി തുടര്‍മത്സരങ്ങള്‍ക്കിറങ്ങാം. കരുത്തരായ ദക്ഷിണാഫ്രിക്കയെ അനായാസമായി വീഴ്ത്തിയാണ് ലോകകപ്പില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങിയത്.

ആറ് വിക്കറ്റിനായിരുന്നു 15 പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യയുടെ ജയം. കളിച്ച മൂന്നു മത്സരങ്ങളും പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ഇതോടെ പ്രതിസന്ധിയിലായി.

സ്‌കോര്‍: ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 227. ഇന്ത്യ 47.3 ഓവറില്‍ നാല് വിക്കറ്റിന് 230.

‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മ ഫോമിലേക്കുയര്‍ന്ന മത്സരമായിരുന്നു സൗത്താംപ്ടണില്‍ കണ്ടത്. തന്റെ പതിവ് ആക്രമണോത്സുകത പുറത്തെടുക്കാതെ ഒരറ്റത്ത് ഉറച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്തിയ രോഹിത് പുറത്താവാതെ 122 റണ്‍സ് നേടി. 144 പന്തില്‍ നിന്ന് 13 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്.

മഹേന്ദ്ര സിങ് ധോനി (34), ലോകേഷ് രാഹുല്‍ (26) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. നേരത്തേ ഓപ്പണര്‍ ശിഖാര്‍ ധവാനെ ആറാം ഓവറില്‍ത്തന്നെ നഷ്ടപ്പെട്ടങ്കെിലും ഒരറ്റത്ത് വിക്കറ്റ് നഷ്ടപ്പെടുത്താതെ നിന്ന രോഹിത് ഒരര്‍ഥത്തില്‍ ഒറ്റയ്ക്കാണ് ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയത്.

അതിനിടെ ക്യാപ്റ്റന്‍ വിരാട് കോലി (18) ലഭിച്ച നല്ല തുടക്കം മുതലാക്കാനാവാതെ മടങ്ങി. പിന്നീട് രാഹുലും ധോനിയും പിന്തുണ നല്‍കിയതോടെ രോഹിത് കരിയറിലെ 23-ാം സെഞ്ചുറി നേടി.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡ രണ്ട് വിക്കറ്റും ക്രിസ് മോറിസും ആന്‍ഡിലെ പെഹ്ലുക്‌വായോയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും മുന്‍നിര തകര്‍ന്നടിയുകയായിരുന്നു. വാലറ്റം ഉയര്‍ത്തിയ പ്രതിരോധത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ ഇന്ത്യക്കുമുന്നില്‍ ഉയര്‍ത്താനായത്.

തന്റെ സ്പിന്നിന് വിദേശ പിച്ചിലും തിരിയാന്‍ ശേഷിയുണ്ടെന്നു തെളിയിച്ച യുസ്‌വേന്ദ്ര ചാഹല്‍ നാല് വിക്കറ്റ് വീഴ്ത്തി. നേരത്തേ ഓപ്പണര്‍മാരായ ഹാഷിം അംലയെയും ക്വിന്റണ്‍ ഡി കോക്കിനെയും ആദ്യ ആറോവറിനുള്ളില്‍ത്തന്നെ വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ലോകകപ്പിലെ ആദ്യമത്സരം കളിക്കുന്ന ഇന്ത്യയുടെ തുടക്കം മികവുറ്റതാക്കിയത്.

പിന്നീട് അപകടകരമായിത്തുടങ്ങിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെയും (38) വാന്‍ഡര്‍ ഡസ്സന്റെയും (22) കൂട്ടുകെട്ട് തകര്‍ത്ത് ഒരേ ഓവറില്‍ത്തന്നെ രണ്ട് പേരെയും പുറത്താക്കിയ ചാഹല്‍ ദക്ഷിണാഫ്രിക്കയെ കുഴിയിലേക്കു തള്ളിയിട്ടു.

പിന്നീട് വന്ന ജീന്‍ പോള്‍ ഡുമിനിക്കും അധികം ആയുസ്സുണ്ടായില്ല. കുല്‍ദീപ് യാദവായിരുന്നു ഡുമിനിയുടെ അന്തകന്‍. എന്നാല്‍ ഒരറ്റത്ത് ഡേവിഡ് മില്ലര്‍ (31) ഉറച്ചുനില്‍ക്കുകയും മറുവശത്ത് ആന്‍ഡിലെ പെഹ്ലുക്വായോ (34) മികച്ച പിന്തുണ നല്‍കുകയും ചെയ്തപ്പോള്‍ ദക്ഷിണാഫ്രിക്ക തിരിച്ചുവരികയാണെന്ന തോന്നലുളവാക്കി.

എന്നാല്‍ ഇവിടെയും ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്കു തിരികെക്കൊണ്ടുവന്നു. നാലോവറിനുള്ളില്‍ ഇരുവരെയും പുറത്താക്കി ചാഹല്‍ ഈ ലോകകപ്പിലെ തന്റെ വരവറിയിച്ചു.

എന്നാല്‍ വാലറ്റത്ത് ക്രിസ് മോറിസ് (42), കാഗിസോ റബാഡ (31) എന്നിവര്‍ ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനം സ്‌കോര്‍ 200 കടത്തി. അവസാന ഓവര്‍ വരെ ഈ കൂട്ടുകെട്ട് വിജയകരമായി മുന്നോട്ടുപോയതാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ഭുവനേശ്വറും തന്റെ ഡെത്ത് ഓവറുകളിലെ പ്രാവീണ്യം പ്രകടിപ്പിച്ചു.

ആദ്യമത്സരത്തില്‍ 104 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനോട് ഫാഫ് ഡുപ്ലെസിസിന്റെ ടീം തോല്‍വി ഏറ്റുവാങ്ങിയത്. രണ്ടാം മത്സരത്തില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള ബംഗ്ലാദേശിനോട് 21 റണ്‍സിനും അവര്‍ തോറ്റു. രണ്ടു മത്സരങ്ങളിലും ആദ്യ ഇന്നിങ്‌സില്‍ മുന്നൂറിലധികം റണ്‍സ് ദക്ഷിണാഫ്രിക്ക വഴങ്ങിയിരുന്നു.

We use cookies to give you the best possible experience. Learn more