[]ജലന്ധര്‍: വനിതകള്‍ക്ക് പിന്നാലെ പുരുഷന്‍മാരുടെയും കബഡി ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ചിരവൈരികളും അയല്‍ക്കാരുമായ പാക്കിസ്താനെയാണ് ഇന്ത്യ തറപറ്റിച്ചത്.
അത്യന്തം വാശിയേറിയ മത്സരത്തിനൊടുവിലാണ് തുടര്‍ച്ചയായ നാലാം വട്ടവും ഇന്ത്യന്‍ പുരുഷന്‍മാര്‍ കിരീടത്തില്‍ മുത്തമിട്ടത്. ലുധിയാനയിലെ ഗുരുനാനാക്ക് സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 48-39നായിരുന്നു ഇന്ത്യയുടെ വിജയം.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുവരും ഏതാണ്ട് ഒപ്പത്തിനൊപ്പമായിട്ടായിരുന്നു മുന്നേറിയത്. എന്നാല്‍ മത്സരം പുരോഗമിക്കും തോറും ഇന്ത്യ ആധിപത്യം ഊട്ടിയുറപ്പിക്കുകയായിരുന്നു. ഒടുവില്‍ ഒന്‍പത് പോയന്റ് വ്യത്യാസത്തില്‍ ഇന്ത്യ പക്കിസാതാനെ തോല്‍പ്പിച്ച് കിരീടമുറപ്പിച്ചു.
ടൂര്‍ണ്ണമെന്റിലെ മികച്ച റൈഡറായും സ്‌റ്റോപ്പറായും ഇന്ത്യയുടെ കളിക്കാരെയാണ് തിരഞ്ഞെടുത്തത്. ഇരുവര്‍ക്കും സമ്മാനമായി ഓരോ ട്രാക്ടര്‍ ലഭിക്കും. ജേതാക്കളായ ഇന്ത്യന്‍ ടീമിന് സമ്മാനതുകയായി 2 കോടി രൂപ ലഭിക്കും. രണ്ടാം സ്ഥാനം നേടിയ പാക്ക് ടീമിന് ഒരു കോടിയും.
നേരത്തെ നടന്ന വനിതകളുടെ ഫൈനലില്‍ ന്യൂസിലാന്റിനെ പരാജയപ്പെടുത്തി് ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. 49-21 എന്ന സ്‌കോറിന് ന്യൂസിലന്റിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ തുടര്‍ച്ചയായ മൂന്നാം തവണ ലോകകിരീടം സ്വന്തമാക്കിയത്.