ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി 2024 ഹോക്കിയില്‍ പാകിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ പരാജയപ്പെടുത്തി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ സെമിഫൈനലില്‍ പ്രവേശിക്കുകയും ചെയ്തിരിക്കുകയാണ്.
മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ അഹമ്മദ് നദീമിലൂടെ പാകിസ്ഥാന്‍ ലീഡ് നേടിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളിലൂടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയ്ത്. 13ാം മിനിട്ടിലും 19ാം മിനിട്ടിലും രണ്ട് പെനാല്‍ട്ടി കോര്‍ണറുകള്‍ ഗോളാക്കി ഇന്ത്യയെ വിജയത്തിലെത്തിച്ചു. ആറ് ടീമുകള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്.
ഈ മത്സരത്തിന് മുമ്പ് ഇന്ത്യയും പാകിസ്ഥാനും അവസാന നാല് റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലെ ആദ്യ നാല് ടീമുകള്‍ സെപ്റ്റംബര്‍ 16ന് നടക്കുന്ന സെമിഫൈനലിന് യോഗ്യത നേടും. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി 2024 ഹോക്കിയുടെ ഫൈനല്‍ സെപ്റ്റംബര്‍ 17നാണ്.
അതേസമയം 2024 പാരിസ് ഒളിംമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയാണ് ഹര്‍മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പുരുഷ ഹോക്കി ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരിച്ചത്. ടൂര്‍ണമെന്റിലെ എട്ട് മത്സരങ്ങളില്‍ നിന്ന് ഹര്‍മന്‍പ്രീത് സിങ് 10 ഗോളുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
മാത്രമല്ല ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഹോക്കി ഗോള്‍ക്കീപ്പറും മലയായളിയുമായ പി.ആര്‍. ശ്രീജേഷിന്റെ വിടവാങ്ങല്‍ ഒളിംമ്പിക്‌സ് കൂടെയായിരുന്നു കഴിഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടി നിരവധി നിര്‍ണായക മത്സരങ്ങളില്‍ വല കാത്ത് സൂക്ഷിച്ച ശ്രീജേഷ് ഐതിഹാസികമായ ഒരു കരിയറാണ് ഉണ്ടാക്കിയത്.
Content Highlight: India beat Pakistan by two goals to one in Asian Champions Trophy 2024 Hockey