തുടക്കം ഗംഭീരം! ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ തേരോട്ടം തുടങ്ങി
Cricket
തുടക്കം ഗംഭീരം! ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ തേരോട്ടം തുടങ്ങി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th July 2024, 7:50 am

2024 വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലെജന്റ്‌സിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ചാമ്പ്യന്‍സിന് ജയത്തോടെ തുടക്കം. ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെ മൂന്നു വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എഡ്ബാസ്റ്റണിലെ ബര്‍മിങ്ഹാം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ യുവരാജ് സിങ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ആറ് പന്തുകളും മൂന്നു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

32 പന്തില്‍ 50 റണ്‍സ് നേടിയ റോബിന്‍ ഉത്തപ്പയുടെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായ പങ്കു വഹിച്ചത്. നാല് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ഉത്തപ്പയുടെ ബാറ്റില്‍ നിന്നും പിറന്നത്. വിക്കറ്റ് കീപ്പര്‍ നമന്‍ ഓജയെ 25 റണ്‍സിനും സുരേഷ് റെയ്‌നയെ 16 റണ്‍സിനും ഇന്ത്യക്ക് നഷ്ടമായപ്പോള്‍ ക്യാപ്റ്റന്‍ യുവരാജ് രണ്ട് റണ്‍സും നേടി മടങ്ങി.

പിന്നീടെത്തിയ ഗുര്‍ക്രീത് സിങ് മാന്‍ 17 പന്തില്‍ 33 റണ്‍സും യൂസഫ് പത്താന്‍ 15 പന്തില്‍ 22 റണ്‍സും നേടിയപ്പോള്‍ ഇന്ത്യ വിജയിക്കുകയായിരുന്നു. ഗുര്‍ക്രീത് മൂന്ന് ഫോറുകളും രണ്ട് സിക്സും നേടിയപ്പോള്‍ യൂസഫിന്റെ ബാറ്റില്‍ നിന്നും ഒരു ഫോറും രണ്ട് സിക്സും പിറന്നു.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ ക്രിസ് ഷോഫീല്‍ഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. രവി ബൊപ്പാര രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇയാന്‍ ബെല്ലിന്റെയും സമിത് പട്ടേലിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്നിങ്സ് കെട്ടിപ്പടുത്തുയര്‍ത്തിയത്. ബെല്‍ ഒമ്പത് ഫോറുകള്‍ പായിച്ചുകൊണ്ട് 44 പന്തില്‍ പുറത്താവാതെ 59 റണ്‍സാണ് നേടിയത്.

25 പന്തില്‍ 51 റണ്‍സ് നേടി കൊണ്ടായിരുന്നു പട്ടേലിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരം അടിച്ചെടുത്തത്. മൂന്ന് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ ഒമ്പത് പന്തില്‍ പുറത്താവാതെ 23 റണ്‍സ് നേടി ഒവൈസ് ഷായും നിര്‍ണായകമായി.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഹര്‍ബജന്‍ സിങ് രണ്ട് വിക്കറ്റും വിനയ്കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ ഓരോ വിക്കറ്റും നേടി. മാര്‍ച്ച് ആറിന് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ബര്‍മിങ്ഹാം സ്റ്റേഡിയമാണ് വേദി.

Content Highlight: India beat England in World Championship of Legends 2024