പത്ത് വര്‍ഷങ്ങള്‍ക്കിടെ ഇത് രണ്ടാം തവണ; ഇംഗ്ലണ്ടിനെ തരിപ്പണമാക്കി ഇന്ത്യക്ക് ചരിത്രവിജയം
Cricket
പത്ത് വര്‍ഷങ്ങള്‍ക്കിടെ ഇത് രണ്ടാം തവണ; ഇംഗ്ലണ്ടിനെ തരിപ്പണമാക്കി ഇന്ത്യക്ക് ചരിത്രവിജയം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th February 2024, 2:07 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയുടെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ 150+ റണ്‍സ് പിന്തുടര്‍ന്ന് വിജയം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 2021ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഇന്ത്യ ഇതുപോലുള്ള വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ 192 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ 81 പന്തില്‍ 55 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

യുവതാരം ശുഭ്മന്‍ ഗില്‍ 124 പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടി. രണ്ട് സിക്‌സുകളാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ധ്രൂവ് ജുറെല്‍ 77 പന്തില്‍ പുറത്താവാതെ 39 റണ്‍സും യശ്വസി ജെയ്സ്വാള്‍ 44 പന്തില്‍ 37 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ ഷോയിബ് ബഷീര്‍ മൂന്ന് വിക്കറ്റും ജോ റൂട്ട്, ടോം ഹാര്‍ട്‌ലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയും മികച്ച പ്രകടനം നടത്തി.

മാര്‍ച്ച് ഏഴ് മുതല്‍ 11 വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: India beat England in test