ടോക്യോ: ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് കിരീടം. കലാശപ്പോരാട്ടത്തില്‍ അയല്‍ക്കാരായ ചൈനയെ ഷൂട്ടൗട്ടില്‍ 5-4ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്. നിശ്ചിതസമയത്ത് 1-1 എന്ന് സമനില പാലിച്ചതോടെയായിരുന്നു കലാശപ്പോര് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. നവ്ജോത് കൗറിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. 47-ാം മിനിറ്റില്‍ ചൈനയും വല കുലുക്കിയതോടെ മത്സരം ആവേശത്തിലേക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ വീണ്ടും ഗോള്‍ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമം പാഴാവുകയായിരുന്നു.
ഷൂട്ടൗട്ടില്‍ ആദ്യ അഞ്ച് ഷോട്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും നാലു ഗോളുകള്‍ വീതം വലയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് സഡന്‍ ഡെത്തില്‍ ഇന്ത്യക്ക് വേണ്ടി റാണി ലക്ഷ്യം കാണുകയായിരുന്നു. ചൈനയുടെ ശ്രമം പാഴായതോടെ ഇന്ത്യ 5-4ന് കിരീടം സ്വന്തമാക്കുകയും ചെയ്തു.
ഏഷ്യാ കപ്പില്‍ കിരീടം നേടിയതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക കപ്പ് ഹോക്കിയില്‍ ഇന്ത്യ യോഗ്യത ഉറപ്പിച്ചു. 2009 ലെ ഫൈനലില്‍ ചൈനയോട് നേരിട്ട തോല്‍വിയുടെ മധുര പ്രതികാരം കൂടിയാണ് ഇന്നത്തെ വിജയം.
ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. 2004ല്‍ കിരീടം നേടിയ ഇന്ത്യ 1999ലും 2009ലും രണ്ടാം സ്ഥാനവും നേടിയിരുന്നു.
ഗ്രൂപ്പ് മത്സരത്തിലും ചൈനയെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ചൈനയ്ക്കപുറമേ സിഗംപ്പൂരിനെ 10-0 ത്തിനും മലേഷ്യയെ 2-0 ത്തിനും ഇന്ത്യ തകര്‍ത്തിരുന്നു. ക്വാര്‍ട്ടറില്‍ കസാഖിസ്ഥാനെ 7-1 നു തകര്‍ത്തുവിട്ട ഇന്ത്യ സെമിയില്‍ ജപ്പാനെ 4-2 നും പരാജയപ്പെടുത്തി.