ലോകകപ്പിന് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ വിജയത്തോടെ അവിസ്മരണീയമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ക്യാപ്റ്റൻ കെ.എൽ. രാഹുൽ.
1996ലെ ടൈറ്റൻ കപ്പിന് ശേഷം മൊഹാലിയിൽ വെച്ച് ഓസ്ട്രേലിയക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്. മഹേന്ദ്ര സിങ് ധോണിക്കോ വിരാട് കോഹ്‌ലിക്കൊ നേടാൻ സാധിക്കാത്ത നേട്ടത്തിലാണ് രാഹുൽ എത്തിയത്.
രോഹിതിന് വിശ്രമം അനുവദിച്ച മത്സരത്തിൽ രാഹുൽ ആയിരുന്നു ടീമിനെ നയിച്ചത്. രാഹുൽ ബൗളർമാരെ കൃത്യമായി ഉപയോഗിച്ചതും ഫീൽഡിങ് പ്ലേസ്മെന്റ് നടത്തിയതുമെല്ലാം ശ്രദ്ധേയമായിരുന്നു.
മത്സരത്തിൽ ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റിന്റെ കരുത്തോടെ ഓസ്ട്രേലിയയെ 276 റൺസിന് പുറത്താക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 48.4 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. യുവതാരങ്ങളായ ശുഭ്മൻ ഗിൽ 63 പന്തിൽ 74 റൺസും ഋതുരാജ് ഗൈക്വാദ് 77 പന്തിൽ 71 റൺസും നേടി മികച്ച തുടക്കം നൽകി. ഇവർക്കൊപ്പം കെ.എൽ രാഹുൽ 63 പന്തിൽ 58 റൺസും സൂര്യകുമാർ യാദവ് 49 പന്തിൽ 50 റൺസും നേടി ഇന്ത്യ അഞ്ച് വിക്കറ്റുകൾക്ക് വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. രണ്ടാം മത്സരത്തിലും രാഹുൽ തന്നെ ആയിരിക്കും ടീമിനെ നയിക്കുക.
സെപ്റ്റംബർ 24ന് ഇൻഡോർ സ്റ്റേഡിയത്തിലാണ് രണ്ടാം ഏകദിനം.
Content Highlight: India beat Australia in Mohali. Captain KL Rahul achieved the feat.