മെല്‍ബണ്‍: മഴയേയും ഓസ്‌ട്രേലിയന്‍ വാലറ്റത്തിന്റെ പ്രതിരോധത്തേയും മറികടന്ന് ഇന്ത്യയ്ക്ക് മെല്‍ബണില്‍ ചരിത്ര ജയം. മഴമാറി കളി പുനാരാരംഭിച്ച ഇന്ത്യ ക്ഷണനേരം കൊണ്ട് രണ്ട് വിക്കറ്റുകള്‍ പിഴുതാണ് ജയം ഉറപ്പിച്ചത്.
63 റണ്‍സെടുത്ത് പ്രതിരോധക്കോട്ട തീര്‍ത്ത പാറ്റ് കമ്മിന്‍സിനെ ബുംറ വീഴ്ത്തിയപ്പോള്‍ അവസാന വിക്കറ്റായ നഥാന്‍ ലിയോണിനെ പുറത്താക്കി ഇശാന്ത് ശര്‍മയും ജയം ഒരുക്കി. 137 റണ്‍സിന്റെ മികച്ച ജയമാണ് മെല്‍ബണിലെ പിച്ചില്‍ ഇന്ത്യ കുറിച്ചത്.
ഓസ്‌ട്രേലിയയെ തോല്‍പിച്ചതോടെ 150-ാമത് ടെസ്റ്റ് ജയമാണ് ഇന്ത്യ കുറിച്ചത്. ടെസ്റ്റില്‍ 150 ജയമെന്ന മൈല്‍സ്‌റ്റോണ്‍ മറികടക്കുന്ന അഞ്ചാമത്തെ ടീമാണ് ഇന്ത്യ. 37 കൊല്ലത്തിന് ശേഷമാണ് ഇന്ത്യ മെല്‍ബണ്‍ മണ്ണില്‍ ടെസ്റ്റ് ജയം കുറിക്കുന്നത്.
ചേതേശ്വര്‍ പൂജാരയുടെ സെഞ്ചുറിയുടേയും വിരാടിന്റേയും മായങ്കിന്റേയും രോഹിതിന്റേയും അര്‍ധ സെഞ്ചുറി മികവില്‍ 443 റണ്‍സ് ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ നേടിയപ്പോള്‍ ഓസീസ് 151 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാമിന്നിങ്‌സില്‍ 106ന് ഡിക്ലയര്‍ ചെയ്തപ്പോള്‍ കങ്കാരുപ്പട 261 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
രണ്ട് ഇന്നിങ്‌സില്‍ നിന്നായി 9 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് കങ്കാരുക്കളുടെ ജയം തട്ടിത്തെറിപ്പിച്ചത്. ബുംറയാണ് മാന്‍ ഓഫ് ദ മാച്ച്. നിലവില്‍ ഇന്ത്യ 2-1ന് മുമ്പിലാണ് സിഡ്‌നിയിലാണ് അവസാന മത്സരം.