വിദേശമദ്യത്തിനും പിടിവീണേക്കാം; നാലായിരത്തോളം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതൊഴിവാക്കാന്‍ കേന്ദ്ര നീക്കം
national news
വിദേശമദ്യത്തിനും പിടിവീണേക്കാം; നാലായിരത്തോളം ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതൊഴിവാക്കാന്‍ കേന്ദ്ര നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th October 2020, 10:07 am

ന്യൂദല്‍ഹി: നാലായിരത്തിലധികം വിദേശ ഉത്പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ മിലിറ്ററി ക്യാന്റീനുകളോട് കേന്ദ്രം. ഇതില്‍ വിവിധ ബ്രാന്‍ഡുകളുടെ വിദേശ മദ്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒക്ടോബര്‍ 19ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയത്വത്തിലൂന്നിയുള്ള ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാണ് പുതിയ ഉത്തരവെന്നാണ് സൂചന.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഏതെല്ലാം ഉത്പന്നങ്ങള്‍ക്കാണ് പൂട്ടുവീഴുക എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന മദ്യ ഉത്പന്നങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തുക എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന സൂചന.

മിലിറ്ററി ക്യാന്റീനുകളില്‍ വിറ്റഴിക്കുന്ന 6 മുതല്‍ 7 ശതമാനം വരെ ഉത്പന്നങ്ങള്‍ വിദേശ നിര്‍മ്മിതമാണ്.
മിലിറ്ററി ക്യാന്റീനുകളില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്ന പഹ്‌നോ, ഡിയാജിയോ എന്നീ വിദേശമദ്യ ബ്രാന്‍ഡുകള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

അതേസമയം വിദേശ നിക്ഷേപങ്ങള്‍ കൂട്ടാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ എന്തിനാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. മിലിറ്ററി ക്യാന്റീനുകള്‍ വഴി ഏകദേശം 2 ബില്ല്യണ്‍ രൂപയുടെ ഉത്പന്നങ്ങള്‍ പ്രതിവര്‍ഷം വിറ്റഴിക്കാറുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India Bans Imported Goods At Army Canteens, List May Include Liquor: Report