ന്യൂദല്‍ഹി: രാജ്യത്ത് നിന്നുള്ള ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. മേയ് 13 മുതല്‍ എല്ലാത്തരം ഗോതമ്പുകളുടെയും കയറ്റുമതി നിരോധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
പ്രാദേശികമായ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഗോതമ്പ് കയറ്റുമതി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ദശാബ്ദത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഗോതമ്പ് വില എത്തിയിരുന്നു.
ഇനി മുതല്‍ രണ്ട് തരത്തിലുള്ള കയറ്റുമതി മാത്രമേ അനുവദിക്കൂ. ഇന്ത്യന്‍ സര്‍ക്കാര്‍ മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ ഭക്ഷ്യസുരക്ഷയ്ക്കായി അവിടത്തെ സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരം കയറ്റുമതി ചെയ്യുന്നതും ട്രാന്‍സിഷണല്‍ ക്രമീകരണങ്ങള്‍ക്ക് കീഴിലുള്ള കയറ്റുമതിയുമാണ് അനുവദിക്കുക എന്ന് വ്യവസായ വകുപ്പിന്റെ അറിയിപ്പില്‍ പറഞ്ഞു.
ഗോതമ്പ് വിലയില്‍ വലിയ വര്‍ധന ഉണ്ടായിട്ടും സര്‍ക്കാര്‍ കയറ്റുമതി തുടരുന്നതില്‍ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉല്‍പാദന രാജ്യമാണ് ഇന്ത്യ.
Content Highlights: India bans export of wheat with immediate effect