World
പലസ്തീന്‍ അവകാശ സംഘടനയ്ക്ക് യു.എന്‍ നിരീക്ഷക പദവി നല്‍കരുതെന്ന ഇസ്രഈലിന്റെ പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 11, 06:36 pm
Wednesday, 12th June 2019, 12:06 am

ന്യൂയോര്‍ക്ക്: പലസ്തീനിലെ ഷാഹെദ് എന്ന അവകാശ സംഘടനയ്ക്ക് ഐക്യരാഷ്ട്ര സഭയിലെ വിവിധ സംഘടനകളില്‍ നിരീക്ഷണ പദവി നല്‍കരുതെന്ന ഇസ്രഈല്‍ പ്രമേയത്തിന് ഇന്ത്യയുടെ പിന്തുണ. ഇസ്രഈല്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് 28 പേര്‍ രാജ്യങ്ങള്‍ വോട്ടു ചെയ്തപ്പോള്‍ 14 രാജ്യങ്ങള്‍ പലസ്തീന്‍ സംഘടനയ്ക്ക് അനുകൂലമായി വോട്ടു ചെയ്തു.

ഇന്ത്യ, അമേരിക്ക, യു.കെ, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രഈലിനെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍, ചൈന, പാകിസ്ഥാന്‍, ഈജിപ്ത്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു.

വോട്ടെടുപ്പ് നടന്നത് ജൂണ്‍ ആറിനായിരുന്നെങ്കിലും സംഭവം ചര്‍ച്ചയാവുന്നത് ഇസ്രഈല്‍ എംബസി ഉദ്യോഗസ്ഥന്‍ മായ കദോശ് ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ്. ‘ഇസ്രഈലിനൊപ്പം നിന്ന് യു.എന്‍ നിരീക്ഷക സ്ഥാനം നേടാന്‍ ശ്രമിച്ച ഷാഹെദ് എന്ന തീവ്രവാദ സംഘടനയെ പരാജയപ്പെടുത്തിന് നന്ദി’- എന്നായിരുന്നു മായ കദോശിന്റെ ട്വീറ്റ്.

ലെബനാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ സംഘടനയാണ് ഷാഹെദ്. മനുഷ്യാവകാശം, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ ഇടപെടുന്നെന്ന് ഈ സംഘടനയെ ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം തീവ്രവാദ സംഘടനായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഷാഹെദിനെ ഹമാസിന്റെ ഭാഗമായാണ് ഇസ്രഈല്‍ കണക്കാക്കുന്നത്. ഷാഹെദിന് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് പ്രമേയം അവതിരിപ്പിച്ചതെന്നും ഇസ്രഈല്‍ പറയുന്നു.