| Friday, 22nd November 2024, 3:58 pm

ബുംറ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞ് കങ്കാരുപ്പട; ഓസ്‌ട്രേലിയക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുത്തിരിക്കുകയാണ്. തുടര്‍ന്ന് 150 റണ്‍സിന് സന്ദര്‍ശകര്‍ പെര്‍ത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു.

തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസന് വമ്പന്‍ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. നിലവില്‍ ആദ്യ ദിനം ബാറ്റിങ് അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ് ഓസീസ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയുടെ ഇടിവെട്ട് പ്രകടനത്തിലാണ് ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞത്. 10 ഓവര്‍ എറിഞ്ഞ് മൂന്ന് മെയ്ഡന്‍ അടക്കം നാല് വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. 17 റണ്‍സ് വഴങ്ങി 1.70 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് താരം ബൗള്‍ ചെയ്തത്.

ഓപ്പണിങ് ഇറങ്ങിയ നഥാന്‍ മെക്‌സ്വീനി (10), ഉസ്മാന്‍ ഖവാജ (8), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (3), എന്നീ നിര്‍ണായക വിക്കറ്റുകളാണ് ബുംറ പിഴുതെറിഞ്ഞത്. ബുംറയ്ക്ക് പുറമെ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും അരങ്ങേറ്റക്കാരന്‍ ഹര്‍ഷിത് റാണ ഒരുവിക്കറ്റും നേടി. ട്രാവിസ് ഹെഡിനേയാണ് റാണ പറഞ്ഞയച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് അരങ്ങേറ്റക്കാരന്‍ നിതീഷ്‌കുമാര്‍ റെഡ്ഡിയും റിഷബ് പന്താണ്. റെഡ്ഡി 59 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടെ 41 റണ്‍സാണ് നേടിയത്. ഋഷബ് 78 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 37 റണ്‍സും നേടി.

74 പന്തില്‍ 26 റണ്‍സ് നേടിയാണ് കെ.എല്‍. രാഹുല്‍ പുറത്തായത്. ടോപ് ഓര്‍ഡര്‍ തകര്‍ച്ചയില്‍ ഇന്ത്യയ്ക്ക് ആശ്വാസമായെങ്കിലും വിവാദപരമായ വിക്കറ്റിലാണ് താരത്തിന് കൂടാരം കയറേണ്ടി വന്നത്.

തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് സംഭവിച്ചത്. ഓപ്പണര്‍ യശസ്വി ജെയ്സ്വാള്‍ എട്ട് പന്ത് കളിച്ചാണ് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. മാത്രമല്ല മൂന്നാമനായി ഇറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിനേയും പൂജ്യം റണ്‍സിനാണ് പറഞ്ഞയച്ചത്. 23 പന്ത് കളിച്ച് ഹേസല്‍വുഡിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ചായാണ് താരം പുറത്തായത്.

ഏറെ പ്രതീക്ഷയോടെയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ വെറും അഞ്ച് റണ്‍സിന് പുറത്താകുകയായിരുന്നു താരം. ഹേസല്‍വുഡിന്റെ പന്തില്‍ ഉസ്മാന്‍ ഖവാജയുടെ കയ്യിലാകുകയായിരുന്നു കിങ് കോഹ്ലി. ധ്രുവ് ജുറെലിനെ 11 റണ്‍സിനും ഇന്ത്യയ്ക്ക് നഷ്ടമായി. ജസ്പ്രീത് ബുംറ എട്ട് റണ്‍സും, ഹര്‍ഷിത് റാണ ഏഴ് റണ്‍സും നേടിയാണ് അവസാനഘട്ടത്തില്‍ പുറത്തായത്.

ഓസീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് പേസര്‍ ജോഷ് ഹേസല്‍വുഡാണ്. അഞ്ച് മെയ്ഡന്‍ അടക്കം 13 ഓവര്‍ ചെയ്ത് നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 29 റണ്‍സ് വിട്ടുകൊടുത്ത് 2.23 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. താരത്തിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി മികവ് പുലര്‍ത്തി.

Content Highlight: India Back Fire Australia In Border Gavasker Trophy

We use cookies to give you the best possible experience. Learn more