അഡലൈഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഓസ്ട്രലിയക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സ്. ഓപണര്‍ ഡേവിഡ് വാര്‍ണര്‍(145), ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്(60 റിട്ട. ഹര്‍ട്ട്), പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്ന സ്റ്റീവന്‍ സ്മിത്ത്(77), മിച്ചല്‍ മാര്‍ഷ്(41) എന്നിവരുടെ മികവിലാണ് ഓസ്ട്രലിയ ആദ്യ ദിനം ബാറ്റ് ചെയ്തത്.
ടോസ് നേടിയ ഓസ്ട്രലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. വ്യക്തിഗത സകോര്‍ ഒന്‍പതില്‍ നില്‍ക്കെ ക്രിസ് റോജേര്‍സിനെ ശിഖാര്‍ ധവാന്റെ കൈകളില്‍ എത്തിച്ചാണ് ഇശാന്ത് ശര്‍മ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്നെത്തിയ ഷെയ്ന്‍ വാട്‌സണ്‍ 14 റണ്‍സ് മാത്രം എടുത്ത് വരുണ്‍ ആരോണിന്റെ പന്തില്‍ ഒരിക്കല്‍ കൂടെ ശിഖാര്‍ ധവാന് ക്യാച്ച് സമ്മാനിച്ച് പവലിയനിലേക്ക് മടങ്ങുകയായിരുന്നു.
പിന്നീടെത്തിയ ക്യാപ്റ്റന്‍ ക്ലാര്‍ക്കുമായി ചേര്‍ന്നാണ് വാര്‍ണര്‍ സ്‌കോര്‍ മുന്നോട്ട് ചലിപ്പിച്ചത്. ഇരുവരും കൂടെ സ്‌കോര്‍ ബോര്‍ഡില്‍ 118 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പരിക്ക് കാരണം തുടര്‍ന്ന് കളിക്കാന്‍ കഴിയാതിരുന്ന ക്ലാര്‍ക്ക് പിന്‍വാങ്ങിയ ശേഷം ക്രീസില്‍ എത്തിയ സ്റ്റീവന്‍ സ്മിത്തും വാര്‍ണറും കൂടെ 52 റണ്‍സിന്റെ കൂട്ട് കെട്ടാണ് നേടിയത്. 145 റണ്‍സെടുത്ത വാര്‍ണര്‍ പുറത്തായതിന് ശേഷം പിന്നീടെത്തിയ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും സ്റ്റീവന്‍ സ്മിത്തും കൂടെ നാലാം വിക്കറ്റില്‍ 87 റണ്‍സാണ് ചേര്‍ത്തത്.
പിന്നീട് നൈറ്റ് വാച്ച്മാനായെത്തിയ നഥാന്‍ ലിയോണ്‍(3), റണ്ണൊന്നും എടുക്കാതെ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാദിന്‍ എന്നിവരെ മുഹമ്മദ് ഷമി പുറത്താക്കുകയായിരുന്നു. തുടക്കത്തില്‍ താളം ലഭിക്കാതിരുന്ന ഷമി, ആരോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും. ഇശാന്ത് ശര്‍മ, കരണ്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുമാണ് നേടിയത്.