ന്യൂദല്‍ഹി: രാജ്യം മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണെന്ന് ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്‍) പഠനം.
സിറോ സര്‍വേ പ്രകാരം നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തലെന്ന് പി.ജി.ഐ.എം.ഇ.ആര്‍ ഡയറക്ടര്‍ ഡോ. ജഗത് റാം പറഞ്ഞു. അതേസമയം മുന്നാം തരംഗം കുട്ടികളില്‍ കാര്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
പരിശോധന നടത്തിയ കുട്ടികളില്‍ 71 ശതമാനം കുട്ടികളിലും ആന്റി ബോഡി കണ്ടെത്തി. 2700 കുട്ടികളിലാണ് പി.ജി.ഐ.എം.ഇ.ആര്‍ പഠനം നടത്തിയത്.
‘നമ്മള്‍ കൊവിഡ് -19യും മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണ്. 2700 കുട്ടികളില്‍ പി.ജി.ഐ.എം.ഇ.ആര്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 71 ശതമാനം കുട്ടികളും ആന്റിബോഡികള്‍ വികസിപ്പിച്ചതായി കാണിക്കുന്നു. മൂന്നാം തരംഗത്തില്‍ കുട്ടികളെ അനുപാതമില്ലാതെ ബാധിക്കില്ലെന്ന് ഇത് കാണിക്കുന്നു. എന്നാണ് ഡയറക്ടര്‍ ഡോ. ജഗത് റാം എ.എന്‍.ഐയോട് പറഞ്ഞത്.
ഏകദേശം 69 ശതമാനം മുതല്‍ 73 ശതമാനം വരെ കുട്ടികള്‍ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശരാശരി 71 ശതമാനം സാമ്പിളുകള്‍ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്‌സിനുകള്‍ ലഭ്യമല്ലെന്ന് നമുക്കറിയാം അതിനാല്‍ കൊവിഡ് -19 കാരണം ആന്റിബോഡികള്‍ വികസിച്ചു മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍നിന്നും ദല്‍ഹിയില്‍ നിന്നും നടത്തിയ സര്‍വേയില്‍ 50-75 ശതമാനം കുട്ടികളും ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം രൂക്ഷമാകുന്നത് വൈകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ആളുകള്‍ കൊവിഡ് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ 27,254 പുതിയ കൊവിഡ് -19 കേസുകളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3,32,64,175 ആയി ഉയര്‍ന്നു, അതേസമയം നിലവിലെ കേസുകളുടെ എണ്ണം 3,74,269 ആയി കുറഞ്ഞു,
രോഗം മൂലം മരിച്ചവരുടെ എണ്ണം 4,42,874 ആയി ഉയര്‍ന്നു, 219 മരണങ്ങളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.