ന്യൂദല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഹിന്ദു ദേശീയവാദത്തിലൂന്നി പ്രചരണത്തിനിറങ്ങിയാല്‍ രാജ്യത്ത് വര്‍ഗീയ കലാപങ്ങളുണ്ടാവുമെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
“ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ 2019ല്‍ രൂക്ഷമാവും. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പും, പാകിസ്ഥാന്‍ തീവ്രവാദത്തെ നേരിടുന്ന രീതിയും, ഇന്ത്യന്‍ തെരഞ്ഞെടുപ്പിനിടെ ഉണ്ടാവാന്‍ സാധ്യതയുള്ള വര്‍ഗീയ കലാപങ്ങളുമാണിതിന് കാരണം”- അമേരിക്കയുടെ ഇന്റലിജന്‍സ് മേധാവി ഡാനിയേല്‍ കോട്ട്‌സ് യു.എസ് കോണ്‍ഗ്രസിനു മുന്നില്‍ അവതരിപ്പിച്ച വേള്‍ഡ് വൈഡ് ത്രെറ്റ് അസസ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭാരതീയ ജനതാ പാര്‍ട്ടി ഹിന്ദു ദേശീയവാദത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യയില്‍ വര്‍ഗീയ കലാപങ്ങളുണ്ടാവുമെന്ന് റിപ്പോര്‍ട്ട് വീശദീകരിക്കുന്നു. “മോദി ഭരണകാലത്തെ ബി.ജെ.പിയുടെ നയങ്ങള്‍ ഇന്ത്യയിലെ ബി.ജെ.പി ഭരണ സംസ്ഥാനങ്ങളില്‍ വര്‍ഗീയ പ്രതിസന്ധികള്‍ രൂക്ഷമാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ ഹിന്ദു ദേശീയവാദ പ്രചരണം തങ്ങളുടെ അണികള്‍ക്ക് പ്രചോദനം നല്‍കാനായി വര്‍ഗീയ കലാപങ്ങളുണ്ടാക്കാനുള്ള സൂചനയായിട്ടാണ് ഹിന്ദുത്വവാദ നേതാക്കള്‍ കണക്കാകുക”- റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെ തുടര്‍ന്ന് രാജ്യത്തുണ്ടായേക്കാവുന്ന വര്‍ഗീയ കലാപങ്ങള്‍ രാജ്യത്തെ മുസ്‌ലിം വിഭാഗത്തെ ഒറ്റപ്പെടുത്തുന്നതിനും ഇന്ത്യയില്‍ ഇസ്‌ലാമിക തീവ്രവാദ സംഘടനകളുടെ വളര്‍ച്ചയ്ക്കു കാരണമാവുമെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
ദോക്‌ലാം പ്രദേശത്തെ ചൊല്ലി 2017ല്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉടന്‍ മെച്ചപ്പെടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാകിസ്ഥാനിലെ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത് തീവ്രവാദ സംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും യു.എസ് താല്‍പര്യങ്ങള്‍ മറികടന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.