കൊവിഡിലെ വീഴ്ച ആരും ചൂണ്ടിക്കാട്ടേണ്ട! കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഒറ്റ ട്വീറ്റും അനുവദിക്കരുതെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍
national news
കൊവിഡിലെ വീഴ്ച ആരും ചൂണ്ടിക്കാട്ടേണ്ട! കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഒറ്റ ട്വീറ്റും അനുവദിക്കരുതെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th April 2021, 10:59 am

ന്യൂദല്‍ഹി:  കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.കേന്ദ്ര സര്‍ക്കാരിനെ  വിമര്‍ശിക്കുന്ന  ഡസന്‍ കണക്കിന് ട്വീറ്റുകള്‍ എടുത്തുമാറ്റണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയമപരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ട്വീറ്റുകള്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് കമ്പനി വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അതേസമയം, കൊവിഡ് നേരിടുന്നതില്‍ മോദി സര്‍ക്കാരിന് സംഭവിച്ച വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിടിപ്പുകേടാണ് ഇന്ത്യയിലെ സാഹചര്യം ഇത്ര വഷളാവാന്‍ കാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തല്‍.

അതേസമയം, രാജ്യത്ത് പുതുതായി മൂന്നര ലക്ഷം  കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഇരുപത്തിനാല് മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

മരണ സംഖ്യയിലും വലിയ വര്‍ധനവാണ് ഉണ്ടായത്. 2767 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്.  2,17,113 പേര്‍ക്കാണ് ഇന്നലെ രോഗ മുക്തിയുണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  India asks Twitter to take down some tweets critical of its COVID-19 handling