ദേവയാനി ഖോബ്രഗഡെ കേസുമായി ബന്ധമുള്ള നയതന്ത്രജ്ഞനെ തിരിച്ചയക്കണം: ഇന്ത്യ
India
ദേവയാനി ഖോബ്രഗഡെ കേസുമായി ബന്ധമുള്ള നയതന്ത്രജ്ഞനെ തിരിച്ചയക്കണം: ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th January 2014, 8:00 pm

[]ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഈ കേസുമായി ബന്ധമുണ്ടെന്നാരോപിയ്ക്കപ്പെടുന്ന നയതന്ത്രജ്ഞനെ തിരിച്ചയയ്ക്കണമെന്ന് അമേരിക്കന്‍ എംബസിയോട് ഇന്ത്യ ആവശ്യപ്പെട്ടു.

വീട്ടുജോലിക്കാരിയുടെ വീസയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് യു.എസില്‍ അറസ്റ്റിലായ ദേവയാനി ഖോബ്രഗഡെയെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനു പിറകേയാണ് കേസുമായി ബന്ധുണ്ടെന്നാരോപിയ്ക്കപ്പെടുന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ യു.എസ് എംബസിയോട് ഇന്ത്യ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നീണ്ട ചര്‍ച്ചകള്‍ക്കും ഏറെ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ശേഷം ഇന്ന് രാവിലെയാണ് ദേവയാനി ഇന്ത്യയിലെത്തിയത്.

ദേവയാനിയെ ദല്‍ഹിയിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലേയ്ക്ക് മാറ്റി നിയമിയ്ക്കുകയും ചെയ്തിരുന്നു.

ക്രിമിനല്‍ കുറ്റം ചുമത്തി ഏറെ വൈകാതെയാണ് ദേവയാനിയെ ഇന്ത്യയിലേക്ക് തിരിച്ചയച്ചത്.

ദേവയാനി രാജ്യം വിടണമെന്നും നയതന്ത്ര പരിരക്ഷ നല്‍കാനാകില്ലെന്നും അമേരിക്ക അറിയിച്ചിരുന്നു. അതേസമയം തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് ദേവയാനി വ്യക്തമാക്കി.

പ്രാഥമിക വാദം കേള്‍ക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13ല്‍ നിന്ന് നീട്ടാനുള്ള ദേവയാനിയുടെ അഭിഭാഷകന്റെ ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കുറ്റം ചുമത്തി കോടതി ഉത്തരവിട്ടത്.

ദേവയാനിക്കെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും നയതന്ത്ര പരിരക്ഷ ഇല്ലാതെ അമേരിക്കയില്‍ തിരിച്ചെത്തിയാല്‍ വിചാരണ നേരിടേണ്ടി വരുമെന്നും യു.എസ് അറ്റോര്‍ണി പ്രീത് ഭരാര ഡിസ്ട്രിക്ട് ജഡ്ജ് ഷിറാ ലിന്‍ഡ്‌ലിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ നിയമപരിരക്ഷ ലഭിച്ചിരിക്കുന്നതിനാല്‍    കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും ഭരാര വ്യക്തമാക്കി. പരിരക്ഷ ഒഴിവാക്കിയോ പരിരക്ഷ ഇല്ലാതെയോ അമേരിക്കയില്‍ തിരിച്ചെത്തിയതിന് ശേഷം മാത്രമേ കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും കത്തില്‍ പറയുന്നുണ്ട്.

വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ വീസയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ന്യൂയോര്‍ക്കില്‍ വച്ച് ഡിംസബര്‍ 12നാണ് ദേവയാനി ഖൊബ്രഗഡെയെ അറസ്റ്റ് ചെയ്തത്. 250,000 ഡോളര്‍ പിഴയടച്ചാണ് ദേവയാനി പിന്നീട് പുറത്തിറങ്ങിയത്.

ദേവയാനിയെ ക്രിമിനല്‍ തടവുകാര്‍ക്കൊപ്പം പാര്‍പ്പിച്ചതും വിവസ്ത്രയായി പരിശോധിച്ചതുമെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ വരുത്തിയിരുന്നു.

തുടര്‍ന്ന് ഇന്ത്യ ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുകയായിരുന്നു.