| Thursday, 4th July 2024, 6:41 pm

ഇന്ത്യയ്ക്ക് വമ്പന്‍ വരവേല്‍പ്പ്, മറൈന്‍ ഡ്രൈവില്‍ ജനസാഗരം!

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ സംഘം രാവിലെ തിരിച്ചിരിച്ചെത്തിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകിട്ട് ഒരുക്കുന്ന വിക്ടറി പരേഡില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അണിചേരും. ഇന്ത്യയിലെ മൊത്തം ക്രിക്കറ്റ് ആരാധകരെയും വാംഖഡയിലേക്കും മറൈന്‍ ഡ്രൈവിലേക്കും ടി-20 ലോകകപ്പ് കിരീടനേട്ടം ആഘോഷിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ജെയ് ഷായും ക്ഷണിച്ചിരുന്നു.

ഇതോടെ മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ അമ്പരപ്പിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ആരാധകരുടെ കടലാണ് മറൈന്‍ ഡ്രൈവില്‍. ആയിരക്കണക്കിന് ആളുകളാണ് മുംബൈയില്‍ തടിച്ചുകൂടിയത്. ഐതിഹാസികമായ വിജയത്തിനൊടുവില്‍ ഒരു ജനതയുടെ സ്വപ്‌നം സാക്ഷാത്കരിച്ച ഇന്ത്യന്‍ ടീമിന് വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്.

കനത്ത മഴയിലും ഇന്ത്യയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ ജനസാഗരമാണ് മുംബൈയില്‍ എത്തിയത്.
കഴിഞ്ഞ 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി-20 ലോകകപ്പ് കിരീടത്തില്‍ വീണ്ടും മുത്തമിടുന്നത്. 2007 എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി കിരീടം നേടിയപ്പോള്‍ 2024 രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.

ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

Content highlight: India Arrived In Marine Drive For Victory Celebration

We use cookies to give you the best possible experience. Learn more