ഓസീസിനെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വമ്പൻ വിജയമാണ് ഓസീസ് ടീം സ്വന്തമാക്കിയത്. ഇതോടെ ഒരു മത്സരം ശേഷിക്കുന്ന പരമ്പരയിൽ കിരീടം കൈവിട്ട് പോകാതിരിക്കാൻ ഓസീസ് ടീമിന് അവസരമൊരുങ്ങി.
മൂന്നാം ടെസ്റ്റിൽ ടോസ് ലഭിച്ച ഇന്ത്യൻ ടീമിനെ ആദ്യ ഇന്നിങ്സിൽ 109 റൺസിന് പുറത്താക്കാൻ ഓസീസിന് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കും 197 എന്ന ചെറിയ സ്കോറിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.
തുടർന്ന് മത്സരം സമനിലയിലേക്കെങ്കിലുമെത്തിക്കാൻ രണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ വേണ്ടിയിരുന്ന ഇന്ത്യൻ ടീം വെറും 163 റൺസിന് പുറത്തായതോടെയാണ് ഓസീസ് വിജയം അനായാസമായത്.
76 റൺസ് എന്ന വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ വെറും ഒരു വിക്കറ്റിൽ ലക്ഷ്യം മറികടന്ന് പരമ്പരയിൽ നിർണായകകമായ ജയം സ്വന്തമാക്കുകയായിരുന്നു.
49 റൺസെടുത്ത് പുറത്താകാതെ നിന്ന ട്രാവിസ് ഹെഡ്, 28 റൺസെടുത്ത് പുറത്താ കാതെ നിന്ന മാർനസ് ലബുഷേങ് എന്നിവരുടെ മികവിലാണ് മൂന്നാം ടെസ്റ്റ് ഓസീസ് വിജയിച്ചത്.
എന്നാലിപ്പോൾ ഇന്ത്യൻ ടീം ക്വാളിറ്റിയില്ലാത്ത പിച്ചൊരുക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സാബാ കരീം.
യഥാർത്ഥ ക്രിക്കറ്റിന്റെ സ്പിരിറ്റ് ഇന്ത്യൻ ടീം ഇല്ലാതാക്കിയെന്നും ലോകത്തിലെ മികച്ച ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിലെ പിച്ച് തീരെ നിലവാരം കുറഞ്ഞതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം..
“സ്റ്റീവ് സ്മിത്ത്, വിരാട് പോലുള്ള മികച്ച താരങ്ങൾ ഈ ടൂർണമെന്റിൽ കളിക്കുന്നുണ്ട്. പക്ഷെ അവർക്ക് നന്നായി സ്കോർ ചെയ്യാൻ സാധിക്കുന്നില്ല. കാരണം പരമ്പരയിലെ പിച്ചുകൾ വളരെ ക്വാളിറ്റി കുറഞ്ഞതാണ്. ഇത്തരം പിച്ചുകളൊരുക്കി എന്ത് നേടാനാണ് നാം ശ്രമിക്കുന്നത്,’ സാബാ കരീം പറഞ്ഞു.
“നമ്മുടെ ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജയിക്കുക എന്നതാണ്. പക്ഷെ അതിന് വേണ്ടി നമ്മൾ ടെസ്റ്റ് ക്രിക്കറ്റിന്റെ സ്പിരിറ്റ് ഇല്ലാതാക്കരുത്. ലോകത്തിലെ മികച്ച ടീമുകൾ ഏറ്റുമുട്ടുന്ന ഈ സീരീസ് തികച്ചും മാന്യമായിരിക്കണം,’ സാബാ കരീം കൂട്ടിച്ചേർത്തു.
അതേസമയം പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇന്ത്യൻ ടീമിന് എന്തെങ്കിലും സാധ്യതയൊരുങ്ങൂ.