| Monday, 23rd September 2024, 4:14 pm

അഫ്ഗാനിസ്ഥാന്‍ മൂന്നാം മത്സരത്തില്‍ നേടിയ റെക്കോഡിലെത്താന്‍ ഇന്ത്യ കളിച്ചത് 580 മത്സരം; ഒടുവില്‍ അത് സ്വന്തമാക്കി

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു . ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 280 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് ലീഡ് സ്വന്തമാക്കാനും ഇന്ത്യക്കായി.

സ്‌കോര്‍

ഇന്ത്യ: 376 & 287/4d

ബംഗ്ലാദേശ്: 149 & 234 (T: 515)

സൂപ്പര്‍ താരം ആര്‍. അശ്വിന്റെ തകര്‍പ്പന്‍ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ഫൈഫറും നേടിയാണ് തിളങ്ങിയത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സില്‍ യുവതാരങ്ങളായ റിഷബ് പന്തും ശുഭ്മന്‍ ഗില്ലും സെഞ്ച്വറി നേടിയിരുന്നു.

ഈ വിജയത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ഇന്ത്യയെ തേടിയെത്തി. ടെസ്റ്റ് ഫോര്‍മാറ്റില്‍ തോല്‍വിയേക്കാളേറെ ജയം സ്വന്തമാക്കുന്ന ടീമുകളുടെ പട്ടികയിലേക്കാണ് ഇന്ത്യ നടന്നുകയറിയത്. കളിച്ച 580ാം മത്സരത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ നേട്ടത്തിലെത്തിയത്.

തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ 180ാം വിജയമാണ് ചെപ്പോക്കില്‍ ഇന്ത്യ സ്വന്തമാക്കിയത്. 179 മത്സരത്തില്‍ പരാജയപ്പെട്ടപ്പോള്‍ 222 മത്സരങ്ങള്‍ സമനിലയിലും ഒരെണ്ണം ടൈയിലും അവസാനിച്ചു.

നിലവില്‍ ടെസ്റ്റ് അംഗീകാരമുള്ള ടീമുകളില്‍ മിക്ക സൂപ്പര്‍ ടീമുകള്‍ക്കും ഈ നേട്ടം അവകാശപ്പെടാനില്ല. എന്നാല്‍ ഈ നേട്ടത്തിലെത്താന്‍ കളിച്ച മത്സരങ്ങളുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ നേട്ടം അത്ര കണ്ട് മികച്ചതല്ല. കരിയറിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഈ നേട്ടത്തിലെത്തിയ ടീമുകളെ പരിശോധിക്കുമ്പോള്‍ ഏഴാമതാണ് ഇന്ത്യ.

ഓസ്‌ട്രേലിയയാണ് ഈ പട്ടികയില്‍ ഒന്നാമത്. കളിച്ച ആദ്യ ടെസ്റ്റില്‍ തന്നെ വിജയിച്ചാണ് ഓസ്‌ട്രേലിയ ഈ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായത്. അഫ്ഗാനിസ്ഥാനാണ് രണ്ടാമത്. മൂന്ന് മത്സരങ്ങളാണ് ഈ നേട്ടത്തിലെത്താന്‍ അഫ്ഗാന് വേണ്ടിവന്നത്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാന്‍ രണ്ടാം മത്സരവും മൂന്നാം മത്സരവും വിജയിച്ചാണ് ഈ നേട്ടത്തിലെത്തിയത്.

ടെസ്റ്റ് ചരിത്രത്തില്‍ തോല്‍വിയേക്കാളേറെ വിജയം സ്വന്തമാക്കാന്‍ ഓരോ ടീമുകളും കളിച്ച മത്സരങ്ങള്‍

(ടീം – മത്സരം എന്നീ ക്രമത്തില്‍)

ഓസ്‌ട്രേലിയ – 1

അഫ്ഗാനിസ്ഥാന്‍ – 3

പാകിസ്ഥാന്‍ – 16

ഇംഗ്ലണ്ട് – 23

വെസ്റ്റ് ഇന്‍ഡീസ് – 99

സൗത്ത് ആഫ്രിക്ക – 340

ഇന്ത്യ – 580*

ന്യൂസിലാന്‍ഡ് – ഇതുവരെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല

ശ്രീലങ്ക – ഇതുവരെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല

സിംബാബ്‌വേ – ഇതുവരെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല

അയര്‍ലാന്‍ഡ് – ഇതുവരെ ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല

എന്നാല്‍ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ തോല്‍വിയേക്കാളേറെ ജയം എന്ന റെക്കോഡില്ല. 2018 മുതല്‍ ഇതുവരെ ഒമ്പത് ടെസ്റ്റുകളാണ് അഫ്ഗാനിസ്ഥാന്‍ കളിച്ചത്. അതില്‍ നാലെണ്ണത്തില്‍ വിജയിച്ചപ്പോള്‍ അഞ്ചിലും പരാജയപ്പെട്ടു.

ഇന്ത്യക്ക് പുറമെ ഇപ്പോഴും ഈ റെക്കോഡ് തങ്ങളുടെ പേരിലുള്ളത് നാല് ടീമുകള്‍ക്ക് മാത്രമാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍ എന്നിവരാണ് ഈ ടീമുകള്‍.

866 ടെസ്റ്റുകളാണ് ഓസ്ട്രേലിയ ഇക്കാലം വരെ കളിച്ചത്. ഇതില്‍ 414ലും വിജയിച്ചപ്പോള്‍ 232 മത്സരത്തിലാണ് പരാജയം രുചിച്ചത്. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. ആകെ കളിച്ച 1077 മത്സരത്തില്‍ നിന്നും 397 വിജയവും 325 തോല്‍വിയുമാണ് ഇംഗ്ലണ്ടിന്റെ പേരിലുള്ളത്.

കളിച്ച 466 മത്സരത്തില്‍ നിന്നും 179 വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. 161 എണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. ഈ ടീമുകളില്‍ വിജയിച്ച മത്സരവും പരാജയപ്പെട്ട മത്സരവും തമ്മില്‍ ഏറ്റവും ചെറിയ മാര്‍ജിനുള്ളത് പാകിസ്ഥാന്റെ പേരിലാണ്. 458 മത്സരത്തില്‍ നിന്നും 144 എണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ 148 മത്സരത്തില്‍ വിജയിക്കുകയും ചെയ്തു.

അതേസമയം, കാണ്‍പൂരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. സെപ്റ്റംബര്‍ 27നാണ് രണ്ടാം ടെസ്റ്റ്.

Content highlight: India are among the teams with more wins than losses in the Test format

We use cookies to give you the best possible experience. Learn more