|

ഇന്ത്യ മികച്ച ടീമാണ്, കഴിഞ്ഞ കളികളില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്: കെയ്ന്‍ വില്യംസണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. മാര്‍ച്ച് ഒമ്പതിന് നടക്കാനിരിക്കുന്ന ഫൈനല്‍ മത്സരമാണ് ഇനി ബാക്കിയുള്ളത്. കലാശപ്പോരില്‍ ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് ഏറ്റുമുട്ടുക.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ് ന്യൂസിലാന്‍ഡ് വിജയം കരസ്ഥമാക്കിയത്. യുവതാരം രചിന്‍ രവീന്ദ്രയുടെയും മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും സെഞ്ച്വറിയാണ് ബ്ലാക്ക് ക്യാപ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത്.

അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കിവീസ് ഇന്ത്യയോട് തോറ്റിരുന്നു. ഇപ്പോള്‍ ആ മത്സരത്തില്‍ നിന്ന് ന്യൂസിലാന്‍ഡിന് ചില പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് പറയുകയാണ് കിവീസ് താരം കൈയ്ന്‍ വില്യംസണ്‍. ഇന്ത്യ മികച്ച ടീമാണെന്നും ഫൈനലില്‍ എന്തും സംഭവിക്കാമെന്നും താരം പറഞ്ഞു.

കഴിഞ്ഞ കളിയില്‍ നിന്നും പോസറ്റീവ് കാര്യങ്ങള്‍ എടുത്ത് ഫൈനലിനായി വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കുന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമി ഫൈനലിന് ശേഷം സംസാരിക്കുകയായിരുന്നു വില്യംസണ്‍.

‘ഇന്ത്യയൊരു മികച്ച ടീമാണ്. അവര്‍ നന്നായി കളിക്കുന്നു. കഴിഞ്ഞ കളിയില്‍ നിന്ന് ഞങ്ങള്‍ക്ക് (ന്യൂസിലാന്‍ഡ്) ചില പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് ഞാന്‍ കരുതുന്നു. ഫൈനലില്‍ എന്തും സംഭവിക്കാം. ഫൈനല്‍ മികച്ചതായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.

ഗ്രൂപ്പ് ഘട്ട മത്സരത്തിലെയും ഫൈനലിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അത് കൊണ്ട് തന്നെ കഴിഞ്ഞ കളിയില്‍ നിന്നും പോസറ്റീവ് കാര്യങ്ങള്‍ എടുത്ത് ഫൈനലിനായി വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കുന്നത് പ്രധാനമാണ്,’ വില്യംസണ്‍ പറഞ്ഞു.

ന്യൂസിലാന്‍ഡ് രണ്ടായിരത്തില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയതിനെ കുറിച്ചും അതിലേക്ക് ഒരു കപ്പ് കൂടെ നേടാനായാല്‍ സന്തോഷമെന്നും വില്യംസണ്‍ പറഞ്ഞു. ‘ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയിക്കാനാല്‍ നല്ലത്. ഒരുപാട് കാലം മുമ്പാണ് ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി നേടിയത്. അതൊരു വലിയ വിജയമായിരുന്നു,’ വില്യംസണ്‍ പറഞ്ഞു.

content highlights: India are a good team and we have a lot to learn from past games: Kane Williamson