ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം ആഗസ്റ്റ് 18 മുതല്‍ ആരംഭിക്കുന്ന ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ കളിക്കില്ല. അനാരോഗ്യമാണ് താരത്തെ പരമ്പരയില്‍ നിന്നും അകറ്റിയത്.
കഴിഞ്ഞ ദിവസം ബി.സി.സി.ഐ സിംബാബ്‌വേ പര്യടനത്തിനുള്ള 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലുള്ളത്.
ആഗസ്റ്റ് 18, 20, 22 തിയ്യതികളിലായിട്ടാണ് പരമ്പരയിലെ മത്സരങ്ങള്‍ നടക്കുന്നത്. ഹരാരെ ക്രിക്കറ്റ് ക്ലബ്ബാണ് വേദി.
ബി.സി.സി.ഐ സിംബാബ്‌വേ ടൂറിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കെ.എല്‍. രാഹുലിന്റെ അസാനിധ്യമാണ് ആരാധകരെ ഏറെ നിരാശരാക്കുന്നത്. ഐ.പി.എല്ലിന് ശേഷം ഒറ്റ മത്സരം പോലും കളിക്കാന്‍ താരത്തിനായിട്ടില്ല.
ഐ.പി.എല്ലിന് ശേഷം ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ ടീമുകള്‍ക്കൊപ്പം ഇന്ത്യ ഇതിനോടകം തന്നെ കളിച്ചുകഴിഞ്ഞു. ഈ സ്‌ക്വാഡിലെല്ലാം തന്നെ ഉള്‍പ്പെടാനും രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിക്കാനും ഏറ്റവും സാധ്യയുള്ള താരമാണ് രാഹുല്‍ എന്നിരിക്കെയാണ് താരത്തിന്റെ പരിക്ക് വില്ലനായത്.
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയ്ക്ക് മുന്നോടിയായി താരത്തിന്റെ പരിക്ക് മാറിയെങ്കിലും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആ അവസരവും നഷ്ടമാവുകയായിരുന്നു. തുടര്‍ന്ന് നേരത്തെ സ്‌ക്വാഡിലില്ലാതിരുന്ന സഞ്ജു സാംസണ് അവസരം ലഭിക്കുകയായിരുന്നു.
താന്‍ കൊവിഡില്‍ നിന്നും മുക്തനായിട്ടില്ലെന്നും അനാരോഗ്യം കാരണം ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും രാഹുല്‍ ആരാധകരെ അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
അതേസമയം, സിംബാബ്‌വേ ടൂറിനുള്ള ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ ടീമിനെ നയിച്ച ശിഖര്‍ ധവാന്‍ തന്നെയാണ് നായകന്‍.
ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രാഹുല്‍ ത്രിപാഠി ഒരിക്കല്‍ക്കൂടി സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അയര്‍ലന്‍ഡ് പര്യടനത്തിലും താരം ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. പരിക്കില്‍ നിന്നും മുക്തനായ ദീപക് ചഹര്‍ തിരിച്ചെത്തിയതാണ് ടീമിലെ മറ്റൊരു പ്രധാന ഹൈലൈറ്റ്.
ഇന്ത്യ സ്‌ക്വാഡ്:
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹര്‍
Content Highlight: India announces squad for Zimbabwe tour, KL Rahul ruled out due to covid