| Saturday, 12th October 2024, 8:11 am

നേരത്തെ ക്യാപ്റ്റനായി കഴിവ് തെളിയിച്ചവനാണ്, സൂപ്പര്‍ താരം വൈസ് ക്യാപ്റ്റന്‍; ഫൈനലുറപ്പിക്കാന്‍ ഇന്ത്യയുടെ കലക്കന്‍ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2023-25 സൈക്കിളില്‍ ഇന്ത്യയുടെ അവസാന ഹോം സീരീസിനുള്ള ടീം പ്രഖ്യാപിച്ചു. ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യ സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് കിവികള്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നത്.

പരമ്പരയ്ക്കുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി 15 അംഗ സ്‌ക്വാഡും നാല് റിസര്‍വ് താരങ്ങളുടെ പേരുകളുമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെയാണ് ഇന്ത്യ ചുമതലപ്പെടുത്തിയിരിക്കുന്നത്. നേരത്തെ രോഹിത് ശര്‍മയുടെ അഭാവത്തില്‍ താരം ഒരു മത്സരത്തില്‍ ഇന്ത്യയെ നയിക്കുകയും ചെയ്തിരുന്നു.

ക്യാപ്റ്റന്‍ ബുംറ

2022ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ബുംറ ഇന്ത്യയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ ബുംറക്ക് സാധിച്ചിരുന്നില്ലെങ്കിലും താരത്തിന്റെ ക്യാപ്റ്റന്‍സി പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഇന്ത്യയുടെ റെഡ് ബോള്‍ ക്യാപ്റ്റനാകുന്ന ആദ്യ ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടവും അന്ന് ബുംറ തന്റെ പേരില്‍ കുറിച്ചിരുന്നു.

ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

റിസര്‍വ് താരങ്ങള്‍

ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ്ധ് കൃഷ്ണ.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇന്ത്യയും

ഈ പരമ്പരയടക്കം രണ്ട് പരമ്പരകളാണ് ഇന്ത്യക്ക് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഈ സൈക്കിളിലുള്ളത്. ഈ രണ്ട് പരമ്പരകളിലുമായി എട്ട് മത്സരത്തിലും ഇന്ത്യ കളത്തിലിറങ്ങും.

ഈ എട്ട് മത്സരത്തില്‍ മൂന്നെണ്ണത്തില്‍ വിജയിച്ചാല്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിന്റെ ഫൈനലില്‍ പ്രവേശിക്കാനും ഇന്ത്യക്ക് സാധിക്കും.

ന്യൂസിലാന്‍ഡിനെതിരായ ഹോം ടെസ്റ്റിന് ശേഷം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണിലേക്ക് പറക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ബി.ജി.ടിയില്‍ കളിക്കുക.

ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആതിഥേയര്‍ തങ്ങളായതിനാലും കഴിഞ്ഞ രണ്ട് തവണ ഇന്ത്യ ഇവിടെയെത്തി പരമ്പര വിജയിച്ചതിനാലും 2015ന് ശേഷം ഒരിക്കല്‍പ്പോലും പരമ്പര നേടാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതിനാലും ഈ പരമ്പരയില്‍ സമഗ്രാധിപത്യം പുലര്‍ത്തിയാല്‍ ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ തെളിയും എന്നതിനാലും ഒരു തരത്തിലുമുള്ള അഡ്വാന്റേജും ഇന്ത്യക്ക് നല്‍കാതെയായിരിക്കും ഓസ്ട്രേലിയ പിച്ച് ഒരുക്കുക. പെര്‍ത്ത് അടക്കമുള്ള പിച്ചില്‍ ഇന്ത്യയെ നിര്‍ത്തിപ്പൊരിക്കാന്‍ തന്നെയാകും ഓസീസ് ഫാസ്റ്റ് ബോള്‍ യൂണിറ്റിന്റെ ശ്രമം.

ഇക്കാരണം കൊണ്ടുതന്നെ സ്വന്തം തട്ടകത്തില്‍ ന്യൂസിലാന്‍ഡിനെതിരെ സമ്പൂര്‍ണ വിജയം നേടി ഫൈനലില്‍ പ്രവേശിക്കാന്‍ തന്നെയാകും ഇന്ത്യ ശ്രമിക്കുക.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനം

ആദ്യ ടെസ്റ്റ് – ഒക്ടോബര്‍ 16 മുതല്‍ 20 വരെ – എം. ചിന്നസ്വാമി സ്‌റ്റേഡിയം, ബെംഗളൂരു.

രണ്ടാം ടെസ്റ്റ് – ഒക്ടോബര്‍ 24 മുതല്‍ 28 വരെ – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം.

അവസാന ടെസ്റ്റ് – നവംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ – വാംഖഡെ സ്റ്റേഡിയം.

Content Highlight: India announces squad for test series against New Zealand

We use cookies to give you the best possible experience. Learn more