കോഹ്‌ലിയുടെ പകരക്കാരനായി സഞ്ജു, വിരാടിനെ കൈവിട്ട് ഇന്ത്യ; ഒരാളുടെ നേട്ടം മറ്റൊരുവന്റെ കോട്ടം, ഇതാ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീം
Sports News
കോഹ്‌ലിയുടെ പകരക്കാരനായി സഞ്ജു, വിരാടിനെ കൈവിട്ട് ഇന്ത്യ; ഒരാളുടെ നേട്ടം മറ്റൊരുവന്റെ കോട്ടം, ഇതാ ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യന്‍ ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st July 2022, 8:01 am

ഇംഗ്ലണ്ടിനെതിരെയുള്ള ബെര്‍മിങ്ഹാം ടെസ്റ്റിന് ശേഷം നടക്കാനിരിക്കുന്ന ടി-20 ഏകദിന മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു. മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ കളിക്കുന്നതിന് രണ്ട് വ്യത്യസ്ത ടീമുകളെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.

ടെസ്റ്റിന് ശേഷം നടക്കുന്ന ആദ്യ ടി-20യില്‍ അയര്‍ലന്‍ഡിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകനും ടീമിന്റെ പ്ലേമേക്കറുമായ വിരാട് കോഹ്‌ലിയെ ആദ്യ ടി-20 മത്സരത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

എന്നാല്‍ രണ്ട്, മൂന്ന് ടി-20കളില്‍ വിരാട് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ വിരാടിന് പകരക്കാരനായാണ് സഞ്ജു ടീമില്‍ ഉള്‍പ്പെട്ടത്.

വിരാട് തിരിച്ചെത്തുന്നതോടെ സഞ്ജു സ്‌ക്വാഡില്‍ നിന്നും പുറത്താവുകയും ചെയ്തിട്ടുണ്ട്.

അയര്‍ലന്‍ഡ് പര്യടനത്തിനായി പോയ സഞ്ജുവിനെ സംബന്ധിച്ച് ഇംഗ്ലണ്ടിനെതിരെ ലഭിച്ചത് ഒരു ബോണസ് മാച്ചാണ്. ഈ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനായാല്‍ വരാനിരിക്കുന്ന പരമ്പരകളില്‍ സഞ്ജുവിന് ടീമിലെ സാന്നിധ്യമാവാന്‍ സാധിക്കും.

ടി-20 ലോകകപ്പ് വരാനിരിക്കെ, ഓസീസ് മണ്ണില്‍ മറ്റേത് താരത്തെക്കാളും മികച്ച ഹിറ്റുകളുള്ള സഞ്ജുവിന് സ്വയം തെളിയിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

സഞ്ജുവിന് പുറമെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹാര്‍ഡ് ഹിറ്റര്‍ രാഹുല്‍ ത്രിപാഠിയും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കൊവിഡ് ബാധിച്ച് അഞ്ചാം ടെസ്റ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന രോഹിത് ശര്‍മയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ക്യാപ്റ്റന്‍ കൂടി എത്തിയതോടെ ഇന്ത്യന്‍ ടീം ഡബിള്‍ സ്‌ട്രോങ്ങായിരിക്കുകയാണ്.

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്

ഇംഗ്ലണ്ടിനെതിരെയുള്ള 2, 3 ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍,റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ജസപ്രീത് ബംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.

 

Content Highlight: India announces squad against England in limited over series, Sanju Samson included in first T20 match