| Wednesday, 6th July 2022, 4:34 pm

ഇനിയങ്ങോട്ട്‌ സഞ്ജുവിന്റെ കാലം, ടി-20ക്ക് പിന്നാലെ ഏകദിന സ്‌ക്വാഡിലും; അപ്രതീക്ഷിത ക്യാപ്റ്റനുമായി വിന്‍ഡീസിനെ ഞെട്ടിക്കാന്‍ ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

വരാനിരിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 16 അംഗ സ്‌ക്വാഡിനെയാണ് ബുധനാഴ്ച ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, റിഷബ് പന്ത് എന്നിവരെ ഉള്‍പ്പെടുത്താതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഉപനായകന്‍.

മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്. ഓവലിലെ ക്യൂന്‍സ് പാര്‍ക്ക്, പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍, ട്രിനിഡാഡ് എന്നിവിടങ്ങളിലായാണ് മത്സരം നടക്കുക.

മലയാളി താരം സഞ്ജു സാംസണും എകദിന സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സഞ്ജു ഏകദിന സ്‌ക്വാഡിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിനുള്ള സ്‌ക്വാഡിലാണ് സഞ്ജു ഇതിന് മുമ്പ് ഉള്‍പ്പെട്ടിരുന്നത്. ഐറിഷ് പടയ്‌ക്കെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20ക്കുള്ള സ്‌ക്വാഡിലും താരം ഉള്‍പ്പെട്ടിരുന്നു.

വിക്കറ്റ് കീപ്പറുടെ റോളിലേക്കാണ് ടീം താരത്തെ പരിഗണിച്ചിട്ടുള്ളത്. സഞ്ജുവിന് പുറമെ ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്.

സഞ്ജുവിന് പുറമെ ഋതുരാജ് ഗെയ്ക്വാദ്, ദീപക് ഹൂഡ, ശുഭ്മന്‍ ഗില്‍ എന്നിവര്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചു.

ജൂലൈ 22, ജൂലൈ 24, ജൂലൈ 27 എന്നീ ദിവസങ്ങളിലാണ് ഏകദിന പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഏകദിന പരമ്പരയ്ക്ക് ശേഷം അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും നടക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്

Content Highlight:  India announces ODI Squad for West Indies Tour, Sanju Samson included, Shikhar Dhawan appointed as captain

Latest Stories

We use cookies to give you the best possible experience. Learn more