ലീഡ് ചെയ്യാന്‍ ബൗളര്‍; അതും തിരിച്ചുവരവ് നടത്തുന്ന മത്സരത്തില്‍; അയര്‍ലന്‍ഡിനെതിരെയുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Sports News
ലീഡ് ചെയ്യാന്‍ ബൗളര്‍; അതും തിരിച്ചുവരവ് നടത്തുന്ന മത്സരത്തില്‍; അയര്‍ലന്‍ഡിനെതിരെയുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 31st July 2023, 10:11 pm

അയര്‍ലന്‍ഡിനെതിരെയുള്ള ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഓഗസറ്റ് 18നാണ് പരമ്പര ആരംഭിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യയുടെ സൂപ്പര്‍ പേസ് ബൗളിങ് താരം ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തി.

ക്യാപ്റ്റനായാണ് ബുംറ ടീമിനൊപ്പം ചേരുന്നത്. ഇന്ത്യ രണ്ടാം നിര ടീമിനെയാണ് അയര്‍ലന്‍ഡിനെതിരെ ഇറക്കുന്നത്. ബുംറയുടെ ഡെപ്യൂട്ടി ആയി റുതുരാജ് ഗെയ്ക്വാദിനെയാണ് നിയമിച്ചത്. റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ എന്നിവരടക്കം ഒരുപാട് പുതുമുഖങ്ങള്‍ ടീമിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ബുംറ അവസാനമായി ഇന്ത്യക്കായി കളിച്ചത്, അതിനുശേഷം പരിക്കിനെത്തുടര്‍ന്ന് പുറത്തായിരുന്നു താരം. അയര്‍ലന്‍ഡ് പരമ്പരയില്‍ സ്റ്റാര്‍ ബൗളര്‍ മടങ്ങിയെത്തുന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നല്ല വാര്‍ത്തയാണ്. ഒരുപാട് നാളുകളായി ബെംഗളൂരുവിലെ എന്‍.സി.എയില്‍ ട്രെയിനിങ് കാലയളവിലായിരുന്നു അദ്ദേഹം. ലോകകപ്പിന് മുന്നോടിയായി അദ്ദേഹം മികച്ച രീതിയില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവരെ പേസര്‍മാരായി ഇന്ത്യ തെരഞ്ഞെടുത്തു, വിന്‍ഡീസ് പരമ്പരയില്‍ കഴിവ് തെളിയിച്ച മുകേഷ് കുമാറും അയര്‍ലന്‍ഡിനെതിരെയുള്ള മത്സരങ്ങളില്‍ കളിക്കും. യശസ്വി ജെയ്സ്വാള്‍, ശിവം ദുബെ എന്നിവരും ടീമിലിടം നേടി. അതുപോലെ സഞ്ജു സാംസണ് തന്റെ കഴിവിനോട് നീതിപുലര്‍ത്താനുള്ള മറ്റൊരു അവസരമായിരിക്കും ഈ പരമ്പര.

അയര്‍ലന്‍ഡിനെതിരെയുള്ള ഇന്ത്യന്‍ ടീം; ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (ഉപനായകന്‍), യശസ്വി ജെയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്ണോയ്, പ്രസീദ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ് , മുകേഷ് കുമാര്‍, ആവേശ് ഖാന്‍.

Content Highlight: India Announced Squad for  Ireland T20 series