സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ സംഘത്തേയാണ് പരിശീലകന്‍ രവി ശാസ്ത്രി പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയയില്‍ മൂന്ന് ഏകദിനമാണ് ഇന്ത്യ കളിക്കുക. ജനുവരി 12ന് സിഡ്‌നിയിലാണ് ആദ്യ ഏകദിനം.
അവസാന രണ്ട് ടെസ്റ്റില്‍ പരുക്ക് മാറി തിരിച്ചെത്തിയ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഉമേഷ് യാദവിന് അവസരം ലഭിച്ചില്ല. പകരം ടീമിലെ പുത്തന്‍ താരോദയം ഖലീല്‍ അഹ്മദ് സാധ്യതടീമില്‍ ഇടം കണ്ടെത്തി.
ഹര്‍ദ്ദിക് പാണ്ഡ്യ അടക്കം അഞ്ച് പേസര്‍മാരും മൂന്ന് സ്പിന്നര്‍മാരും അടങ്ങുന്നതാണ് ഇന്ത്യയുടെ ബോളിങ് ഡിപ്പാര്‍ട്ട്‌മെന്റ്. ആര്‍.അശ്വിന് ഇത്തവണയും ഏകദിനത്തിലേക്ക് വിളി വന്നിട്ടില്ല. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അശ്വിന്‍ അവസാനമായി കളിച്ചത്.
ബാറ്റിങില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച അമ്പാട്ടി റായിഡുവും സാധ്യതാടീമില്‍ ഇടം നേടി. റായിഡുവിന് പുറമെ ദിനേശ് കാര്‍ത്തിക്കും കേദര്‍ ജാദവും സാധ്യത ടീമിലുണ്ട്.
സാധ്യതാ ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക്, കേദര്‍ ജാദവ്, ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ്, ചാഹല്‍, ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ബുംറ, ഖലീല്‍ അഹ്മദ്, ഷമി