2024 വിമണ്‍സ് ഏഷ്യ കപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യു.എ.ഇയെ 78 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എ.ഇക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
മത്സരത്തില്‍ ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തത്. വിമണ്‍സ് ഏഷ്യാ കപ്പില്‍ രണ്ടു ടീമുകളും ചേര്‍ന്ന് ഇതാദ്യമായാണ് 300+ ടോട്ടല്‍ റണ്‍സ് നേടുന്നത്. ഈ മത്സരത്തില്‍ ഇന്ത്യയും യു.എ.ഇയും ചേര്‍ന്ന് 324 റണ്‍സ് ആണ് നേടിയത്. ഇതിനുമുമ്പ് 2018 ഏഷ്യാകപ്പില്‍ ബംഗ്ലാദേശും ഇന്ത്യയും ചേര്‍ന്ന് നേടിയ 283 റണ്‍സ് ആയിരുന്നു ഈ നേട്ടത്തില്‍ ഉണ്ടായിരുന്നത്. നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ റെക്കോഡ് തകര്‍ക്കപ്പെടുന്നത്.
ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റെയും റിച്ചാ ഘോഷിന്റെയും അര്‍ധസെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. 47 പന്തില്‍ 66 റണ്‍സ് നേടി കൊണ്ടായിരുന്നു ഹര്‍മന്റെ തകര്‍പ്പന്‍ പ്രകടനം. ഏഴ് ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് റിച്ചാ 29 പന്തില്‍ പുറത്താവാതെ 64 റണ്‍സും നേടി. 12 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
ഓപ്പണര്‍ ഷഫാലി വര്‍മ 18 പന്തില്‍ 37 നേടി റണ്‍സും നേടി നിര്‍ണായകമായി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
യു.എ.ഇ ബൗളിങ്ങില്‍ കവിഷ രണ്ട് വിക്കറ്റും സമേര ധാര്‍ണിദര്‍ഗ, ഹീന ഹോത്ചന്ദാനി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അതേസമയം ഇന്ത്യന്‍ ബൗളിങ്ങില്‍ ദീപ്തി ശര്‍മ രണ്ട് വിക്കറ്റും രേണുക സിങ്, തനൂജ കന്‍വാര്‍, പൂജ വസ്ത്രാക്കര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.
യു.എ.ഇ ബാറ്റിങ്ങില്‍ കവിശ എഗോഡകെ 32 പന്തില്‍ 40 റണ്‍സും ക്യാപ്റ്റന്‍ ആഷ് ഓസ 36 പന്തില്‍ 38 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.
ജയത്തോടെ ഗ്രൂപ്പ് എ യില്‍ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. മറുഭാഗത്ത് രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട യു.എ.ഇ പോയിന്റ് ഒന്നുമില്ലാതെ അവസാന സ്ഥാനത്തുമാണ്.
ജൂലൈ 23ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് യു.എ.ഇയുടെ എതിരാളികള്‍.
Content Highlight: India and UAE Create a New Record in Asia Cup