ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. ജൂണ്‍ 29ന് നടക്കുന്ന ഫൈനലില്‍ സൗത്ത് ആഫ്രിക്കയെയാണ് ഇന്ത്യ നേരിടുക.
ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സിന് പുറത്താവുകയായിരുന്നു.
ടി-20 ചരിത്രത്തില്‍ ആദ്യമായാണ് തോല്‍വി അറിയാത്ത രണ്ട് ടീമുകള്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഈ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയും ഇന്ത്യയും ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, നെതര്‍ലാന്‍ഡ്സ് എന്നീ ടീമുകള്‍ക്കെതിരെ സമ്പൂര്‍ണ്ണ വിജയവുമായാണ് ഏയ്ഡന്‍ മര്‍ക്രവും സംഘവും സൂപ്പര്‍ 8ലേക്ക് കടന്നത്. മറുഭാഗത്ത് ഗ്രൂപ്പ് എ യില്‍ പാകിസ്ഥാന്‍, യു.എസ്.എ, അയര്‍ലാന്‍ഡ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയപ്പോള്‍ കാനഡയ്‌ക്കെതിരെയുള്ള മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
അതേസമയം 39 പന്തില്‍ 57 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. നാല് ഫോറുകളും രണ്ട് സിക്‌സുകളും ഉള്‍പ്പെടെ 36 പന്തില്‍ 47 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും നിര്‍ണായകമായി.
ഇന്ത്യന്‍ ബൗളിങ്ങില്‍ സ്പിന്നര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് ബാറ്റിങ് തകര്‍ന്നടിയുകയായിരുന്നു. കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകളും വീഴ്ത്തി നിര്‍ണായകമായി.