പഞ്ചിം: ജവഹര്‍ലാല്‍ നെഹ്‌റുവിനു പകരം മുഹമ്മദ് അലി ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ വിഭജനം നടക്കില്ലായിരുന്നുവെന്ന് ദലൈ ലാമ. ജിന്നയെ പ്രധാനമന്ത്രിയാകാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഇരു രാജ്യങ്ങളും ഇന്നും ഒന്നായിരുന്നേനെ എന്നാണ് ലാമയുടെ പ്രസ്താവന. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിക്കവേയാണ് ലാമ നെഹ്‌റുവിനേക്കാള്‍ യോഗ്യന്‍ ജിന്നയായിരുന്നുവെന്ന് പറഞ്ഞത്.
നെഹ്‌റുവിനെ സ്വാര്‍ത്ഥനെന്നു വിശേഷിപ്പിച്ച ലാമ, പ്രധാനമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ പിടിവാശി കാരണമാണ് വിഭജനം നടന്നതെന്നും ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു. വളരെയധികം അനുഭവസമ്പത്തുള്ളയാളായിരുന്നിട്ടു കൂടി തെറ്റായ തീരുമാനമാണ് അദ്ദേഹമെടുത്തതെന്നായിരുന്നു ലാമയുടെ പരാമര്‍ശം.മഹാത്മാ ഗാന്ധിയുടെ ഇഷ്ടത്തിനു വിരുദ്ധമായാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തതെന്നും ലാമ പറയുന്നുണ്ട്.
“മഹാത്മാ ഗാന്ധിക്ക് ജിന്നയെ പ്രധാനമന്ത്രിയാക്കാനായിരുന്നു ആഗ്രഹം. എന്നാല്‍, നെഹ്‌റു അതിനനുവദിച്ചില്ല. വളരെയധികം സ്വാര്‍ത്ഥനായിരുന്നു അദ്ദേഹം. തനിക്ക് പ്രധാനമന്ത്രി പദത്തില്‍ എത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മറിച്ച്, ഗാന്ധിജി പറഞ്ഞതു പോലെ ജിന്നയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കില്‍ ഇന്ത്യയും പാകിസ്താനും ഇന്നും ഒരുമിച്ചു നിന്നേനെ. നെഹ്‌റു വളരെയധികം അനുഭവജ്ഞാനമുള്ള വ്യക്തിയായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് തെറ്റു പറ്റി.” ലാമ പറയുന്നു.
ചര്‍ച്ചയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഒരു ചോദ്യത്തിന് ഉത്തരം നല്‍കിക്കൊണ്ട് സംസാരിക്കുമ്പോഴാണ് നെഹ്‌റുവിനെക്കുറിച്ച് ലാമ പരാമര്‍ശിച്ചത്. ഒരു വ്യക്തിക്ക് താനെടുക്കുന്ന തീരുമാനങ്ങളില്‍ ഉറപ്പുണ്ടായിരിക്കുക എങ്ങിനെയാണെന്നും തെറ്റുകള്‍ സംഭവിക്കാതെ നോക്കാന്‍ വഴികളുണ്ടോയെന്നുമുള്ള ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നെഹ്‌റുവിന്റെ “തെറ്റായ തീരുമാനം” ഉദ്ധരിച്ചു കൊണ്ടായിരുന്നു തെറ്റുകള്‍ എല്ലാവര്‍ക്കും സംഭവിക്കുമെന്ന് ദലൈ ലാമ വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശം നല്‍കിയത്.