ബീജിങ്ങ്: ഇന്ത്യയേയും പാകിസ്ഥാനേയും തങ്ങള്‍ ഒരിക്കലും ആണവശക്തികളായി അംഗീരിച്ചിരുന്നില്ലെന്ന് ചൈന. ആണവ നിരായുധീകരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടത്തിനു പിന്നാലെ ആണവശക്തിയെന്ന പദവി ഉത്തര കൊറിയക്ക് നല്‍കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ചൈന പറഞ്ഞു.
“ഇന്ത്യയേയും പാകിസ്ഥാനെയും ചൈന ഒരിക്കലും ആണവശക്തികളായി അംഗീകരിച്ചിരുന്നില്ല. ഞങ്ങളുടെ നിലപാട് മാറിയിട്ടുമില്ല”- ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ലു കാങ്ങ് മാധ്യമങ്ങളോട് പറഞ്ഞതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.
അമേരിക്കയുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും നല്‍കിയതു പോലെ ആണവരാജ്യം എന്ന പദവി ഉത്തര കൊറിയ്ക്കും നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ന്യൂക്ലിയര്‍ സപ്ലയേഴ്‌സ് ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് വിലങ്ങി തടിയായി നില്‍ക്കുന്നത് ചൈനയാണ്. ആണവ നിരായുധീകരണ ഉടമ്പടിയില്‍ ഇന്ത്യ ഒപ്പു വെച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.എസ്.ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം ചൈന വിലക്കുന്നത്.
ഇന്ത്യയ്ക്കു പിന്നാലെ എന്‍.എസ്.ജി അംഗത്വത്തിന് പാകിസ്ഥാനും ശ്രമിച്ചിരുന്നു.