പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്നത് 308 ഇന്ത്യക്കാര്‍; 266 പേര്‍ മത്സ്യത്തൊഴിലാളികള്‍
World News
പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്നത് 308 ഇന്ത്യക്കാര്‍; 266 പേര്‍ മത്സ്യത്തൊഴിലാളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd July 2023, 8:30 am

ന്യൂദല്‍ഹി: പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്നത് 308 ഇന്ത്യക്കാര്‍ ആണെന്ന വിവരങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി പാക് സര്‍ക്കാര്‍. അതേസമയം, ഇന്ത്യന്‍ ജയില്‍ കഴിയുന്ന 417 പാകിസ്ഥാന്‍ തടവുകാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരും പാകിസ്ഥാന് കൈമാറി.

ഇരു രാജ്യങ്ങളും തമ്മിലുള്ള 2008ലെ ഉഭയകക്ഷി ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ കൈമാറിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പാക് വിദേശകാര്യ മന്ത്രാലയം കൈമാറിയ വിവരങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് പുറത്തുവിട്ടത്.

പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്ന 42 പേര്‍ സാധാരണ പൗരന്മാരും 266 പേര്‍ മത്സ്യത്തൊഴിലാളികളുമാണ്. ഇന്ത്യയിലെ ജയിലില്‍ കഴിയുന്ന പാക് സ്വദേശികളില്‍ 343 പേര്‍ സാധാരണ പൗരന്മാരും 74 പേര്‍ മത്സ്യത്തൊഴിലാളികളുമാണ്. ഇരു രാജ്യങ്ങളും സമുദ്രാതിര്‍ത്തി ലംഘിക്കുന്ന മത്സ്യത്തൊഴിലാളികളെ പിടികൂടി ജയിലില്‍ അടക്കാറുണ്ട്.

ശിക്ഷാ കാലാവധി കഴിഞ്ഞ തടവുകാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യയോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ തടവുകാരെയും മത്സ്യത്തൊഴിലാളികളെയും സംബന്ധിച്ച എല്ലാ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും പാലിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാകിസ്ഥാന്‍ സ്വദേശികളെന്ന് വിശ്വസിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള 62ഓളം പേരുടെ ദേശീയത സ്ഥിരീകരിക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാനും ഇന്ത്യ പാകിസ്ഥാനോട് അഭ്യര്‍ത്ഥിച്ചു.

സര്‍ക്കാരിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി 2014 മുതല്‍ 2,559 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും, 63 സാധാരണ പൗരന്മാരെയും പാകിസ്ഥാനില്‍ നിന്ന് തിരിച്ചയച്ചിട്ടുണ്ട്. ഈ വര്‍ഷം മാത്രം 398 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളേയും അഞ്ച് സാധാരണ പൗരന്മാരേയും പാകിസ്ഥാന്‍ വിട്ടയച്ചിരുന്നു.

 

Content Highlights: India and pakistan reveals details of jailers