| Tuesday, 23rd August 2022, 7:48 pm

ബുംറയും ഷഹീനും പരിക്കേറ്റ് പുറത്തായാലെന്ത്, ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യക്കും പാകിസ്ഥാനും ഇതാ ഒരു സന്തോഷ വാര്‍ത്ത

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യന്‍ ക്രിക്കറ്റിന്റെ മാമാങ്കം അടുത്തുവരികയാണ്. നേരത്തെ ശ്രീലങ്കയില്‍ വെച്ച് നടത്താനിരുന്ന മത്സരം രാജ്യത്തെ ആഭ്യന്തര കലഹം കാരണം യു.എ.ഇയിലേക്ക് പറിച്ചുനടുകയായിരുന്നു.

ഈ വര്‍ഷം തന്നെ ടി-20 ലോകകപ്പ് വരാനിരിക്കെയാല്‍ ടി-20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് അരങ്ങേറുന്നത്. 2016ലായിരുന്നു ഇതിന് മുമ്പ് ഏഷ്യാ കപ്പ് ടി-20 ഫോര്‍മാറ്റില്‍ നടന്നത്.

വരാനിരിക്കുന്ന ടി-20 ലോകകപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയിലാണ് ആരാധകര്‍ ഏഷ്യാ കപ്പിനെ നോക്കിക്കാണുന്നത്. കാലങ്ങള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നു എന്നതുതന്നെയാണ് ആരാധകര്‍ ഏഷ്യാ കപ്പിനായി കാത്തിരിക്കാനുള്ള പ്രധാന കാരണവും.

ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയില്ലാത്തത് ഇന്ത്യന്‍ ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. പരിക്കിന്റെ പിടിയിലായതാണ് ബുംറയെ ഏഷ്യാ കപ്പില്‍ നിന്നും പിന്നോട്ട് വലിച്ചത്.

പാകിസ്ഥാന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രിദിയും പരിക്കേറ്റ് ഏഷ്യാ കപ്പില്‍ നിന്നും പുറത്തായിരുന്നു. സ്‌ക്വാഡ് പ്രഖ്യാപിച്ചുകഴിഞ്ഞ ശേഷമായിരുന്നു ഷഹീന്‍ പരിക്കിന്റെ പിടിയിലായത്. ഹസന്‍ അലിയെയാണ് പാകിസ്ഥാന്‍ ഷഹീനിന് പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയത്.

എന്നാലിപ്പോള്‍ ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യ – പാക് ടീമുകളെ തേടി ഒരു സന്തോഷ വാര്‍ത്തയെത്തിയിരിക്കുകയാണ്. ഏകദിന റാങ്കിങ്ങില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനായതാണ് ഇരുവരെയും സംബന്ധിച്ച് സന്തോഷമുളവാക്കുന്നത്.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും പരമ്പര വിജയമാണ് ഇരുവര്‍ക്കും തുണയായത്. റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് നിലമെച്ചപ്പെടുത്തിയപ്പോള്‍ പാകിസ്ഥാന്‍ നാലാം സ്ഥാനത്തേക്കും ഉയര്‍ന്നു.

31 മത്സരത്തില്‍ നിന്നും 3,447 പോയിന്റുമായിട്ടാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡിനാകട്ടെ 2,355 പോയിന്റാണുള്ളത്. എന്നാല്‍ പോയിന്റിനെ അടിസ്ഥാനമാക്കിയല്ല, പകരം റേറ്റിങ്ങിനെ അടിസ്ഥാനപ്പെടുത്തിയാണ് ഐ.സി.സി തങ്ങളുടെ പോയിന്റ് പട്ടിക തയ്യാറാക്കുന്നത്.

ഇതുപ്രകാരം ഒന്നാമതുള്ള ന്യൂസിലാന്‍ഡിന് 124 റേറ്റിങ്ങും ഇന്ത്യക്ക് 111 റേറ്റിങ്ങുമാണുള്ളത്. നാലാമതുള്ള പാകിസ്ഥാന് 107 പോയിന്റാണുള്ളത്.

(ഐ.സി.സി പോയിന്റ് ടേബിളിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

സിംബാബ്‌വേക്കെതിരെ ഇന്ത്യ നേടിയ പരമ്പര വിജയം ഇന്ത്യക്ക് തുണയായപ്പോള്‍ നെതര്‍ലാന്‍ഡ്‌സിനെ തോല്‍പിച്ചാണ് പാകിസ്ഥാന്‍ കരുത്ത് കാട്ടിയത്.

ഒക്ടോബറില്‍ ഇന്ത്യക്ക് ഇനിയും ഏകദിന മത്സരങ്ങള്‍ കളിക്കാനുള്ളതില്‍ ടീമിന് പോയിന്റ് പട്ടികയില്‍ നിലമെച്ചപ്പെടുത്താന്‍ സാധിക്കും. എന്നാല്‍ ടി-20 ലോകകപ്പ് വരെ പാകിസ്ഥാന് ഏകദിന പരമ്പരകള്‍ ഇല്ല.

Content Highlight: India and Pakistan have moved up in the ICC ODI rankings

Latest Stories

We use cookies to give you the best possible experience. Learn more