| Thursday, 7th July 2022, 3:07 pm

പോരാട്ടം തീ പാറും; ഇതാ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യയും പാകിസ്ഥാനും കൊമ്പുകോര്‍ക്കാനൊരുങ്ങുന്നു. വരാനിരിക്കുന്ന ഏഷ്യാ കപ്പിലാണ് ലോകക്രിക്കറ്റിലെ ഏറ്റവും വലിയ റൈവല്‍സ് പരസ്പരം ഏറ്റുമുട്ടുന്നത്.

ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി-20 ലോകകപ്പില്‍ ഒക്ടോബര്‍ 23നാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ ഏഷ്യാ കപ്പിലെ മത്സരത്തിനുള്ള തീയതി നിശ്ചയിച്ചിട്ടില്ല.

എന്നാല്‍ ഓഗസ്റ്റ് 28നായിരിക്കും ക്രിക്കറ്റ് ലോകം ആവേശപൂര്‍വം കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യന്‍ ക്രിക്കറ്റ് ശക്തികള്‍ മാറ്റുരയ്ക്കുന്ന ഏഷ്യാ കപ്പ്. ടി-20 ലോകകപ്പിനുള്ള കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയില്‍ ആറ് വര്‍ഷത്തിന് ശേഷം ഏഷ്യാ കപ്പ് ടി-20 ഫോര്‍മാറ്റിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ ടൂര്‍ണമെന്റിനുണ്ട്.

നിറയെ ആഭ്യന്തര പ്രശ്‌നങ്ങള്‍ നടക്കുമ്പോഴും ശ്രീലങ്കയില്‍ തന്നെയാണ് മത്സരം നടക്കുന്നത്. ഇന്ത്യയടക്കമുള്ള ടീമുകള്‍ ശ്രീലങ്കയില്‍ കളിക്കാമെന്നും സമ്മതമറിയിച്ചിട്ടുണ്ട്.

1996 ലോകകപ്പിലേതുപോലെ തന്നെയാണ് ശ്രീലങ്കയുടെ അവസ്ഥ. അന്ന് തമിഴ് പുലികളുടെ ആക്രമഭീഷണിയായിരുന്നെങ്കില്‍ ഇന്ന് ആഭ്യന്തര കലഹം എന്ന വ്യത്യാസം മാത്രമാണുള്ളത്.

അന്ന് ലങ്കയെയും ക്രിക്കറ്റിനെയും രക്ഷിക്കാന്‍ അരയും തലയും മുറുക്കി ഒരേ ടീമില്‍ കളിച്ച ഇന്ത്യയും പാകിസ്ഥാനും അതേ ലങ്കന്‍ മണ്ണില്‍ വീണ്ടും നേര്‍ക്കുനേര്‍ കളിക്കുന്നു എന്നതും ആരാധകര്‍ക്ക് ആവേശം നല്‍കുന്നു.

ആഭ്യന്തര കലഹം നടക്കുമ്പോഴും രാജ്യം പരിതസ്ഥിതികളില്‍ പെട്ട് നട്ടം തിരിയുമ്പോഴും ശ്രീലങ്കയിലെ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും ക്രിക്കറ്റിനെയും ആ മനോഹരമായ ഗെയിമിന്റെ സ്പിരിറ്റിനെയും കൈവിടില്ല എന്നത് ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്നും വ്യക്തമായതാണ്.

തങ്ങളുടെ നാട്ടില്‍ പര്യടനത്തിനെത്തിയ കങ്കാരുക്കളെ, അവര്‍ പോലും അമ്പരന്ന് പോവുന്ന രീതിയിലാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകര്‍ മടക്കി അയച്ചത്.

ശ്രീലങ്കയുടെ കരിനീല കടല്‍ അലയടിക്കുന്ന കൊളംബോ പ്രേമദാസ സ്റ്റേഡിയം ഒന്നാകെ മഞ്ഞയണിയുകായിരുന്നു. താങ്ക്യൂ ഓസ്‌ട്രേലിയ എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് ക്രിക്കറ്റിനോടും ഓസീസിനോടും തങ്ങളുടെ നന്ദി അറിയിക്കുകയായിരുന്നു സിംഹളപ്പടയുടെ ആരാധകര്‍.

ഇതേ ക്രിക്കറ്റ് സ്പിരിറ്റ് തന്നെയാവും ലോകം കണ്ട് ഏറ്റവും വലിയ ക്രിക്കറ്റ് റൈവല്‍റിക്ക് സാക്ഷ്യം വഹിക്കാന്‍ പോവുന്നതും.

കഴിഞ്ഞ വര്‍ഷം ലോകകപ്പില്‍ നേരിട്ട പരാജയം മറികടക്കാനാവും ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിക്കാനിയില്ല എന്ന പഴി തിരുത്തിക്കുറിച്ച പാകിസ്ഥാനും ആ തോല്‍വിയുടെ ആഘാതം മറികടക്കാന്‍ ഇന്ത്യയുമിറങ്ങുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പാണ്.

Content Highlight: India and Pakistan going face to face in Asia Cup ahead of 2022 ICC T20 World Cup

We use cookies to give you the best possible experience. Learn more