വീഡിയോ: തല്ല് ഞങ്ങള്‍ക്ക് പുത്തരിയല്ല, അതിപ്പോള്‍ പാകിസ്ഥാനായാലും നേപ്പാളായാലും; കളിക്കിടെ ഗ്രൗണ്ടില്‍ കയ്യാങ്കളി
Sports News
വീഡിയോ: തല്ല് ഞങ്ങള്‍ക്ക് പുത്തരിയല്ല, അതിപ്പോള്‍ പാകിസ്ഥാനായാലും നേപ്പാളായാലും; കളിക്കിടെ ഗ്രൗണ്ടില്‍ കയ്യാങ്കളി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th June 2023, 7:21 pm

കഴിഞ്ഞ ദിവസം ശ്രീ കണ്ഡീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യ സാഫ് കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്ലൂ ടൈഗേഴ്‌സ് അയല്‍ക്കാരെ തകര്‍ത്തുവിട്ടത്.

എന്നാല്‍ മത്സരത്തിനിടെ നടന്ന കയ്യാങ്കളിയാണ് മത്സരഫലത്തേക്കാളേറെ ചര്‍ച്ച ചെയ്യപ്പെട്ടത്. കളിയുടെ 65ാം മിനിട്ടിലാണ് ഇരുടീമുകളും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.

ഇന്ത്യയുടെ രാഹുല്‍ ഭേക്കേയും നേപ്പാളിന്റെ ബിമല്‍ ഗാത്രിയും തമ്മിലാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രാഹുലിന്റെ ഒരു ഹെഡ്ഡറിനായുള്ള ശ്രമത്തെ ഗാത്രി ഒരു റഫ് ടാക്കിളിലൂടെ നേരിട്ടു. ടാക്ലിങ്ങിനിടെ താഴെ വീണ ഭേക്കേ എഴുന്നേറ്റ് വന്ന് ഗാത്രിയെ തള്ളുകയായിരുന്നു. ഗാത്രിയും തിരിച്ച് തള്ളിയതോടെ സംഭവങ്ങള്‍ കൈവിട്ടുപോയി.

ഇതോടെ ഇരുടീമിലെയും മുഴുവന്‍ താരങ്ങളും ഗ്രൗണ്ടിന് നടുവിലേക്ക് ഓടിയെത്തുകയും രംഗം ശാന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സുനില്‍ ഛേത്രിയിലൂടെ ഇന്ത്യ മുമ്പിലെത്തി അഞ്ച് മിനിട്ട് തികയും മുമ്പായിരുന്നു ഈ സംഭവങ്ങളെല്ലാം അരങ്ങേറിയത്.

ഇതിന് മുമ്പ് പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെയും ഇരുടീമിലെയും താരങ്ങള്‍ ചില കൊടുക്കല്‍വാങ്ങലുകള്‍ നടത്തിയതും ചര്‍ച്ചയായിരുന്നു.

അതേസമയം നേപ്പാളിനെതിരായ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ സാഫ് കപ്പിന്റെ സെമിയില്‍ കടക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. സുനില്‍ ഛേത്രിയുടെയും എന്‍. മഹേഷ് സിങ്ങിന്റെയും ഗോളിന്റെ ബലത്തിലാണ് ബ്ലൂ ടൈഗേഴ്‌സ് കണ്ഡീരവയില്‍ വിജയിച്ചുകയറിയത്.

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഗോള്‍ നേടാന്‍ ഇരുവരും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവില്‍ മത്സരത്തിന്റെ 61ാം മിനിട്ടില്‍ നേപ്പാളിന്റെ കത്രികപ്പൂട്ട് തകര്‍ത്തെറിഞ്ഞ് ഛേത്രി ഇന്ത്യയെ മുമ്പിലെത്തിച്ചിരുന്നു. ആദ്യ ഗോള്‍ പിറന്ന് പത്ത് മിനിട്ടിനകം തന്നെ ഇന്ത്യ ലീഡുയര്‍ത്തുകയും ചെയ്തിരുന്നു.

70ാം മിനിട്ടിലാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ പിറന്നത്. സുനില്‍ ഛേത്രിയുടെ മുന്നേറ്റം ഗോള്‍വരെയെത്തിയെങ്കിലും ഫലവത്തായില്ല. ക്രോസ് ബാറില്‍ തട്ടി തിരിച്ചുവന്ന പന്ത് ഈസി ഹെഡ്ഡറിലൂടെ സിങ് വലയിലാക്കുകയായിരുന്നു.

മത്സരത്തിന്റെ സമസ്തമേഖലയിലും ആധിപത്യം പുലര്‍ത്തിക്കൊണ്ടാണ് ഇന്ത്യ രണ്ടാം മത്സരവും വിജയിച്ചുകയറിയത്. നേരത്തെ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിനാണ് ഛേത്രിപ്പട തകര്‍ത്തെറിഞ്ഞത്.

ഈ വിജയത്തോടെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കുവൈറ്റാണ് ഒന്നാമത്.

ജൂലൈ 27നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ബെംഗളൂരുവിലെ ശ്രീ കണ്ഡീരവയില്‍ നടക്കുന്ന മത്സരത്തില്‍ കുവൈറ്റാണ് എതിരാളികള്‍.

 

Content Highlight:  India and Nepal players involved in ugly brawl in SAAF Championship match