| Saturday, 10th August 2024, 8:17 pm

ഇന്ത്യയും മാലിദ്വീപും വീണ്ടും കൈകോര്‍ക്കുന്നു; യു.പി.ഐ ധാരണാപത്രം പ്രാബല്യത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പി.ഐ (യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ്) കരാറില്‍ ഒപ്പുവെച്ച് ഇന്ത്യയും മാലിദ്വീപും. ഇന്ത്യ-മാലിദ്വീപ് വിദേശകാര്യമന്ത്രിമാരായ എസ്.ജയശങ്കറും മൂസാ സമീറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യു.പി.ഐ ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

മാലിദ്വീപിന്റെ സാമ്പത്തികവികസന വാണിജ്യ മന്ത്രാലയവും നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലാണ് കരാറില്‍ ധാരണയിലെത്തിയത്.

ഇരു രാജ്യങ്ങളിലെയും ടൂറിസം സാധ്യതകള്‍ക്കും യാത്രികരുടെ പെയ്മെന്റുകള്‍ എളുപ്പമാക്കാനും കരാറിന് സാധിക്കുമെന്ന് എസ്. ജയശങ്കര്‍ വ്യക്തമാക്കി.

മൊബൈല്‍ ഫോണുകള്‍ വഴിയുള്ള ഇന്റര്‍-ബാങ്ക് ഇടപാടുകള്‍ സുഗമമാക്കുന്നതിനുള്ള ഒരു തല്‍ക്ഷണ പെയ്മെന്റ് സംവിധാനമാണ് യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് (യു.പി.ഐ). നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് യു.പി.ഐ വികസിപ്പിച്ചെടുത്തത്.

മാലിദ്വീപിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള 1000 സ്ലോട്ടുകള്‍ക്കായുള്ള ധാരണാപത്രത്തിലും രാജ്യങ്ങള്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ ഗുഡ് ഗവേണ്‍സും മാലിദ്വീപിലെ സിവില്‍ സര്‍വീസ് കമ്മീഷനുമാണ് കരാറില്‍ ഒപ്പുവെച്ചത്.

മാലിദ്വീപിലെ മറ്റു വികസന പദ്ധതികളായ മാനസികാരോഗ്യ യൂണിറ്റ്, സ്പീച്ച് തെറാപ്പി യൂണിറ്റ്, എജ്യൂക്കേഷന്‍ സപ്പോര്‍ട്ട് യൂണിറ്റ്, സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവയുടെ ഉദ്ഘാടനവും എസ്. ജയശങ്കറിന്റെ സന്ദര്‍ശന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് പിന്നില്‍ മാലിദ്വീപും ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധവും സുരക്ഷ ഇടപെടലുകളും വിലയിരുത്തുക എന്ന ലക്ഷ്യവുമുണ്ട്. 2023 നവംബറില്‍ മാലിദ്വീപില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിനിധി രാജ്യം സന്ദര്‍ശിക്കുന്നത്.

വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ മൂന്നുദിവസത്തെ മാലിദ്വീപ് സന്ദര്‍ശനം ആരംഭിച്ചത്. ഈ സന്ദര്‍ശനം രണ്ടു രാജ്യങ്ങളുടെയും അന്താരാഷ്ട്ര ബന്ധത്തിലുണ്ടായ വിടവ് നികത്തുന്നതിന് വേണ്ടിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: India and Maldives sign UPI (Unified Payment Interface) agreement

Latest Stories

We use cookies to give you the best possible experience. Learn more