ന്യൂദല്‍ഹി: ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി കരാറുകള്‍ ശക്തമാക്കാന്‍ ഇന്ത്യയും ഇറാനും. ചബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനും ഇറാനുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളിലും തങ്ങള്‍ പൂര്‍ണ സജ്ജരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
ദീര്‍ഘകാലത്തേക്ക് ഇറാനുമായി രാഷ്ട്രീയവും നയതന്ത്രപരവുമായ സഹകരണ കരാറുകളില്‍ ഏര്‍പ്പെടാനും എസ്. ജയശങ്കര്‍ താത്പര്യം പ്രകടിപ്പിച്ചു. ടെഹ്‌റാനില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
ഒമാന്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുമായുള്ള വ്യാപാരം വിപുലീകരിക്കുന്നതിനായി ഇറാന്റെ തെക്കുകിഴക്കന്‍ തീരത്താണ് ഇന്ത്യ ചബഹാറിന്റെ ഒരു ഭാഗം വികസിപ്പിക്കാന്‍ പദ്ധതിയിടുന്നത്.
അതേസമയം കരാറുകളുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്നും പദ്ധതി നടപ്പിലാക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി നിര്‍ദേശിച്ചു. ടെഹ്‌റാനില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിലാണ് റെയ്‌സി ഈ ആവശ്യം ഉന്നയിച്ചത്.
ഇറാനും ഇന്ത്യയും തമ്മിലുള്ള സൗഹാര്‍ദ്ദം രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, ശാസ്ത്രം, സാങ്കേതികവിദ്യ, ഗതാഗതം, ഊര്‍ജം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും റെയ്സി ചൂണ്ടിക്കാട്ടി. ഗസയില്‍ ഇസ്രഈലി സൈന്യം നടത്തുന്ന ബോംബാക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിലും ഫലസ്തീനിലെ ഉപരോധം നീക്കുന്നതിലും ഫലസ്തീനികളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിലും ഇന്ത്യക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രവാദത്തിനെതിരായ പോരാട്ടം, അഫ്ഗാനിസ്ഥാനിലെ സമാധാനത്തിനും സുരക്ഷക്കുമായുള്ള സഹകരണം, പര്‌സപരമുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കല്‍, ദേശീയ കറന്‍സികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, അന്താരാഷ്ട്ര സമുദ്ര പാതകളിലെ സുരക്ഷിതമായ ഷിപ്പിങ് തുടങ്ങിയ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും ശ്രദ്ധ പുലര്‍ത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: India and Iran to strengthen Chabahar port project