ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര ഇന്നലെ അവസാനിച്ചെങ്കിലും, അവസാന മാച്ചില്‍ തുടങ്ങിയ ട്വിറ്റര്‍ യുദ്ധം അടുത്ത കാലത്തൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ല.
ഇംഗ്ലണ്ടിന്റെ ഷാര്‍ലെറ്റ് ഡീനിനെ മന്‍കാദ് ചെയ്ത് ഇന്ത്യയുടെ ദീപ്തി ശര്‍മ പുറത്താക്കിയതാണ് ഇപ്പോള്‍ പുകയുന്ന ചര്‍ച്ച. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ ലൈനില്‍ നിന്നും കയറി നില്‍ക്കുകയായിരുന്ന ഷാര്‍ലെറ്റിനെ ദീപ്തി റണ്‍ ഔട്ടാക്കുകയായിരുന്നു.
ഇതോടെ 3-0ത്തിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് പരമ്പര ഇന്ത്യ സ്വന്തമാക്കി. 16 റണ്‍സിനാണ് ഇന്ത്യ അവസാന മാച്ച് ജയിച്ചത്.
മന്‍കാദിങ് നടത്തിയെന്ന് പറഞ്ഞ് ദീപ്തിക്കെതിരെ ഇംഗ്ലണ്ട് ആരാധകര്‍ ഗ്രൗണ്ടില്‍ നിന്നുതന്നെ എതിര്‍പ്പും അധിക്ഷേപവും തുടങ്ങിയിരുന്നു. ഇതാണ് പിന്നീട് ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റിലുള്ളവരും മുന്‍താരങ്ങളും ട്വിറ്ററിലേക്ക് ഏറ്റെടുത്തത്. മന്‍കാദിങ്ങിനെ കളിയാക്കികൊണ്ട് ഇവര്‍ രംഗത്തെത്തുകയായിരുന്നു.
ഇങ്ങനെയാണെങ്കില്‍ നമുക്ക് എത്രയോ വിക്കറ്റുകള്‍ എടുക്കാമായിരുന്നു എന്നാണ് ജെയിംസ് ആന്‍ഡേഴ്‌സണെ ടാഗ് ചെയ്തുകൊണ്ട് സാം ബില്ലിങ്‌സ് ട്വീറ്റ് ചെയ്തത്. ‘അപ്പറഞ്ഞത് ശരിയാണ്. പന്തെറിയേണ്ട കാര്യമില്ല’ എന്നായിരുന്നു ഇതിന് ആന്‍ഡേഴ്‌സന്റെ മറുപടി.
ഇങ്ങനെ ഒരു മാച്ച് ജയിക്കാന്‍ താനൊരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു സ്റ്റുവര്‍ട് ബ്രോഡ് ട്വീറ്റ് ചെയ്തത്. മന്‍കാദിങ്ങിന്റെ കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളതെന്നും താന്‍ വ്യക്തിപരമായി ഇതിനെ നല്ലൊരു രീതിയായി കണക്കാക്കുന്നില്ലെന്നും മത്സരത്തിന് ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആമി ജോണ്‍സും പറഞ്ഞു.
ദീപ്തി ശര്‍മക്കെതിരെ ഷെയിം ഷെയിം വിളിച്ചുകൊണ്ടും ട്വിറ്ററില്‍ ബഹളം നടക്കുന്നുണ്ട്. എന്നാല്‍, ഐ. സി.സി അംഗീകരിച്ച റണ്‍ ഔട്ട് രീതി ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ്, മന്‍കാദിങ്ങിനെ അംഗീകരിക്കുന്ന ഇന്ത്യന്‍ ആരാധകരടക്കമുള്ളവര്‍ തിരിച്ചു ചോദിക്കുന്നത്.
ക്രിക്കറ്റില്‍ മന്‍കാദിങ് എന്ന റണ്‍ ഔട്ട് രീതി ആദ്യമായി കൊണ്ടുവന്നത് വിനു മന്‍കാദ് എന്ന ഇന്ത്യന്‍ ഇതിഹാസ താരമാണ്. ബൗളര്‍ ബൗള്‍ ചെയ്യുന്നതിന് മുമ്പ് ബൗളിങ് എന്‍ഡിലെ ബാറ്റര്‍ ക്രീസ് വിട്ട് പുറത്തിറങ്ങുകയാണെങ്കില്‍ ഡെലിവറി ചെയ്യുന്നതിന് മുമ്പ് ബൗളര്‍ നോണ്‍ സ്ട്രൈക്കറെ ഔട്ടാക്കുന്ന രീതിയെ ആയിരുന്നു മന്‍കാദിങ് എന്ന് വിളിച്ചിരുന്നത്.
എന്നാല്‍, ഈ രീതിയെ ഒട്ടും മാന്യമല്ലാത്ത രീതിയായാണ് ക്രിക്കറ്റ് ലോകം നേരത്തെ വരെ കണക്കാക്കിയിരുന്നത്. ബൗളര്‍ നോണ്‍ സ്ട്രൈക്കറെ മന്‍കാദിങ് വഴി പുറത്താക്കിയാല്‍ അമ്പയര്‍ ബൗളിങ് ടീം ക്യാപ്റ്റനോട് വിക്കറ്റുമായി മുന്നോട്ട് പോവാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയും എതിര്‍ ടീം അപ്പീലില്‍ ഉറച്ചു നില്‍ക്കുകയാണെങ്കിലും മാത്രമേ വിക്കറ്റ് നല്‍കിയിരുന്നുള്ളൂ.
2022 മാര്‍ച്ചില്‍ ഈ രീതിയില്‍ മാറ്റം വരുത്തുകയും ‘അണ്‍ഫെയര്‍’ എന്ന ലിസ്റ്റില്‍ നിന്നും മാറ്റി മന്‍കാദിങ്ങിനെ റണ്‍ ഔട്ടിലേക്ക് കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇപ്പോള്‍ ഇന്ത്യന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ ബൗളര്‍ ആര്‍. അശ്വിനും ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
സാം ബില്ലിങ്‌സിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു അശ്വിന്റെ മറുപടി. ബൗളറുടെ ഏകാഗ്രതക്കും ശ്രദ്ധക്കുമുള്ള വിക്കറ്റ് എന്ന നിലയില്‍ ഇതിനെ കണക്കാക്കി കൂടെയെന്നാണ് അശ്വിന്‍ തിരിച്ചു ചോദിച്ചത്. വലിയ സമ്മര്‍ദങ്ങള്‍ക്കിടയിലും സോഷ്യല്‍ സ്റ്റിഗ്മ നേരിടേണ്ടി വരുമെന്നറിഞ്ഞിട്ടും ധൈര്യം കാണിക്കുന്ന ബൗളര്‍ ഒരു അവാര്‍ഡ് തന്നെ അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്.
ക്രിക്കറ്റില്‍ മന്‍കാദിങ് ചെയ്തതിന് ഏറെ പഴി കേട്ട താരമാണ് അശ്വിന്‍. 2019 ഐ.പി.എല്ലിലായിരുന്നു അശ്വിന് ദുഷ്പേര് കേള്‍ക്കേണ്ടി വന്നത്.കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന കളിയില്‍ ജോസ് ബട്‌ലറെ അശ്വിന്‍ മന്‍കാദ് ചെയ്യുകയായിരുന്നു.
ഐ.പി.എല്ലില്‍ മാത്രമല്ല, 2012ല്‍ ശ്രീലങ്കയുമായി നടന്ന മാച്ചിലും അശ്വിന്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ റണൗട്ട് നടത്തിയിരുന്നു. എന്നാല്‍ അന്ന് സ്റ്റാന്‍ഡ്-ഇന്‍-ക്യാപ്റ്റനായ വീരേന്ദര്‍ സേവാഗും സച്ചിനും ഔട്ടിന് വേണ്ടി വിളിച്ച അശ്വിന്റെ അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.
അതേസമയം മന്‍കാദിങ്ങിന് ഷെയിം വിളിക്കുന്ന ഇംഗ്ലണ്ടുകാര്‍ക്ക് അതിനൊരു അവകാശവുമില്ലെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. 2019 പുരുഷ വേള്‍ഡ് കപ്പിലെ ന്യൂസിലാന്‍ഡുമായുള്ള ഫൈനല്‍ ചൂണ്ടിക്കാണിച്ചാണ് ഇവര്‍ ഇക്കാര്യം പറയുന്നത്.
മത്സരത്തില്‍ ഇരു ടീമുകളും സമനിലയിലായപ്പോള്‍ ബൗണ്ടറികളുടെ എണ്ണം നോക്കിയായിരുന്നു ഇംഗ്ലണ്ടിനെ വിജയിയായി തെരഞ്ഞെടുത്തത്. അന്ന് നിരവധി പേരായിരുന്നു ഇംഗ്ലണ്ടിനും ഐ.സി.സിക്കുമെതിരെ രംഗത്തുവന്നത്.
അപ്പോഴെല്ലാം തങ്ങളുടെ കപ്പിനെ നിയമത്തിന്റെ പിന്‍ബലത്തില്‍ പ്രതിരോധിച്ചവരാണ് ഇപ്പോള്‍ ഐ.സി.സി നിയമത്തെ തള്ളിപ്പറയുന്നതെന്നും ഇപ്പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ദീപ്തി ശര്‍മയെ പിന്തുണച്ച് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും രംഗത്തെത്തിയിരുന്നു. ദീപ്തി ശര്‍മ നിയമപരമായി തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും അതുകൊണ്ട് ടീമിനൊപ്പം നില്‍ക്കാനാണ് തീരുമാനമെന്നും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മാച്ചിന് ശേഷം പ്രതികരിച്ചത്.
അതേസമയം മന്‍കാദിങ് ഒരു ശരിയായ രീതിയല്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ഇന്ത്യന്‍ ആരാധകരും രംഗത്തുണ്ട്. ഇത്തരം രീതികള്‍ നിയമപരമാക്കുന്നത് ക്രിക്കറ്റ് എന്ന കളിയുടെ മനോഹാരിതയാണ് ഇല്ലാതാക്കുന്നതെന്നാണ് ഇവരുടെ വാദം.
Content Highlight: India and England against each other on twitter over Deepti Sharma mankading